കോഴിക്കോട് : പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ പ്രതി രാഹുലിന് രാജ്യം വിടാനുള്ള ബുദ്ധി ഉപദേശിച്ചത് പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് വ്യക്തമായി. പിടിക്കപ്പെടാതെ ബംഗളൂരുവില്‍ എത്താനുള്ള മാർഗ്ഗങ്ങള്‍ ഇയാള്‍ രാഹുലിന് പറഞ്ഞുകൊടുത്തു. രാഹുലിനും സുഹൃത്ത് രാജേഷിനും ഇയാള്‍ വിവിധ സഹായങ്ങള്‍ നല്കി. ചാരപ്പണി ശ്രദ്ധയില്‍പ്പെട്ട മേലുദ്യോഗസ്ഥർ ഇയാള്‍ക്കെതിരെ അന്വേഷണത്തിന് നിർദ്ദേശിച്ചു.
ഇയാളുടെ കോള്‍ റെക്കോർഡ്സ് അടക്കം പരിശോധിക്കാൻ കേസന്വേഷിക്കുന്ന പൊലീസ് സംഘം തീരുമാനിച്ചു. പന്തീരാങ്കാവ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ ആളാണ് ആരോപണ വിധേയൻ. എന്നാല്‍ ഇയാളുടെ പേര് വിവരം അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല. ഇയാള്‍ നിരന്തരം രാഹുലുമായി ഫോണില്‍ സംസാരിച്ചിരുന്നു. പരാതി വിവാദമായ ഉടൻ രാഹുലിനോട് നാട് വിടാൻ ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇന്നലെ അറസ്റ്റിലായ രാജേഷും ആരോപണ വിധേയനായ പൊലീസുകാരനും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും വിവരമുണ്ട്.