പാലക്കാട്: കാലാവസ്ഥ വ്യതിയാനം മൂലം സംസ്ഥാനത്തെ മാംഗോ സിറ്റിയായ മുതലമടയില്‍ മാമ്പഴ ഉത്പാദനം കുത്തനെ ഇടിഞ്ഞു. സീസണില്‍ 500 കോടി രൂപയുടെ വിറ്റുവരവുണ്ടായിരുന്ന മേഖലയില്‍ ഇത്തവണ 70 ശതമാനം കുറവുണ്ടായി. ഈ സീസണില്‍ വിദേശത്തേക്കുള്ള കയറ്റുമതിയും നിലച്ചു. പല കർഷകരും മാവുകള്‍ വെട്ടി മറ്റു കൃഷിയിലേക്ക് തിരിയുകയാണ്. ജാഫറിന്റെ മാവിൻ തോപ്പില്‍ നിന്ന് ഓരോ സീസണിലും ചുരുങ്ങിയത് 100 ടണ്‍ മാമ്പഴമെങ്കിലും കിട്ടുമായിരുന്നു. ഇത്തവണ അത് ഒറ്റയടിയ്ക്ക് 25 ടണ്‍ ആയി. മാവുകള്‍ പൂക്കാൻ വൈകുന്നത് മുതല്‍ തുടങ്ങും പ്രതിസന്ധി. കഴിഞ്ഞ കുറച്ചു കാലങ്ങളായി നഷ്ടത്തിലാണ്.
മാവുകള്‍ വെട്ടി മറ്റ്കൃഷിയിലേക്ക് തിരിയാതെ മുന്നോട്ടു പോകാനാകില്ല എന്ന അവസ്ഥയാണ്. മുതലമടയിലെ പല മാവിൻ തോപ്പുകളിലും ഇതൊരു സ്ഥിരം കാഴ്ചയായിരിക്കുന്നു. ചെമ്മണാംപതി മുതല്‍ എലവഞ്ചേരി വരെ 5000 ഹെക്ടറില്‍ വ്യാപിച്ചുകിടക്കുന്ന മാമ്ബഴത്തോട്ടങ്ങളാണ് മുതലമടയിലുള്ളത്. സീസണില്‍ ഒരു ലക്ഷം ടണ്‍ മാമ്ബഴം ഉത്പാദിപ്പിച്ചിരുന്നിടത്ത് ഇപ്പോള്‍ 1000 ടണ്‍ തികച്ച് കിട്ടുന്നില്ല. 500 കോടി വിറ്റുവരവ് ഉണ്ടായിരുന്നിടത്ത് ഇത്തവണ കിട്ടിയത് ഏകദേശം 50 കോടി രൂപയാണ്. വിദേശ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി പൂർണമായി നിലച്ചു. കാലാവസ്ഥ വ്യതിയാനയും കീടബാധയുമാണ് പ്രധാന വെല്ലുവിളി. കേരളത്തിന്റെ മാംഗോ സിറ്റി നിലനില്‍പ്പിനായി പെടാപാട് പെടുകയാണ്. സർക്കാരിന്റെ ഇടപെടല്‍ ഇനിയും ഉണ്ടായില്ലെങ്കില്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് ഈ മേഖല വീണുപോകും.