മുംബൈ : ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ വിക്കറ്റ് കീപ്പറായി രാജസ്ഥാന്‍ റോയല്‍സ് നായകൻ സഞ്ജു സാംസണെ കളിപ്പിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. കാറപകടത്തില്‍ പരിക്കേറ്റ് ഒരു വര്‍ഷത്തോളം ക്രിക്കറ്റില്‍ നിന്ന് വിട്ടു നിന്ന റിഷഭ് പന്ത് ഐപിഎല്ലില്‍ തിരിച്ചുവന്ന് തിളങ്ങിയെങ്കിലും സഞ്ജു ഈ സീസണില്‍ അസാമാന്യ പ്രകടനമാണ് പുറത്തെടുത്തതെന്നും അതുകൊണ്ട് തന്നെ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം അര്‍ഹിക്കുന്നുവെന്നും ഹര്‍ഭജന്‍ പറഞ്ഞു. റിഷഭ് പന്ത് നന്നായി കളിച്ചു. മികച്ച രീതിയില്‍ കീപ്പ് ചെയ്യുകയും ചെയ്തു.എന്നാല്‍ ഇത്തവണ സഞ്ജു പന്തിനെക്കാള്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അത്ഭുതപ്പെടുത്തുന്ന സ്ഥിരതയായിരുന്നു അവന്‍ കാഴ്ചവെച്ചത്. 30ഉം 40ഉം റണ്‍സെടുത്ത് പുറത്താവുന്ന പഴയ സഞ്ജുവിനെയല്ല ഇത്തവണ കണ്ടത്. സ്ഥിരമായി 60-70 റണ്‍സടിക്കുന്ന സഞ്ജുവിനെയാണ്. അതുകൊണ്ട് തന്നെ പന്തിനെ ടീമിലുള്‍പ്പെടുത്താന്‍ തിരക്ക് കൂട്ടേണ്ടകാര്യമില്ലെന്നും ഹര്‍ഭജന്‍ പറഞ്ഞു.
ലോകകപ്പ് ടീമില്‍ നാലു സ്പിന്നര്‍മാര്‍ അധികപ്പറ്റാണെന്നും നാലുപേര്‍ ഒരുമിച്ച് എന്തായാലും പ്ലേയിംഗ് ഇലവനില്‍ കളിക്കാന്‍ പോകുന്നില്ലെന്നും ഹര്‍ഭജന്‍ പറഞ്ഞു.ടീമില്‍ ഒരു പേസ് ബൗളറുടെ കുറവുണ്ടെന്നും ലോകകപ്പ് ടീമില്‍ എടുക്കേണ്ടിയിരുന്ന ഒരു താരം റിങ്കു സിംഗാണെന്നും ഹര്‍ഭജന്‍ പറഞ്ഞു.20 പന്തില്‍ 60 റണ്‍സടിക്കാന്‍ കഴിവുള്ള റിങ്കുവിനെ ഒഴിവാക്കി നാലു സ്പിന്നര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്തേണ്ട കാര്യമില്ലായിരുന്നു. മൂന്ന് പേര്‍ ധാരാളമായിരുന്നു. ലോകകപ്പ് കിരീടം തിരിച്ചു പിടിക്കാന്‍ ടീം ഇന്ത്യക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്നും ഹര്‍ഭജന്‍ വാര്‍ത്താന്‍ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.