കോഴിക്കോട്: കുറ്റിക്കാട്ടൂരില്‍ കടവരാന്തയിലെ തൂണില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ കെഎസ്ഇബിയുടെ പ്രാഥമിക നിഗമനം പുറത്ത്. മരിച്ച മുഹമ്മദ് റിജാസ് കയറിനിന്ന കടയിലെ വയറിങ്ങിലും, അതുപോലെ സര്‍വീസ് വയറിലും ചോര്‍ച്ചയുണ്ടായിരുന്നു എന്നാണ് കെഎസ്ഇബിയുടെ കണ്ടെത്തല്‍. നല്ല മഴ പെയ്തുകൊണ്ടിരിക്കെയാണ് റിജാസ് കടവരാന്തയില്‍ കയറി നിന്നത്. ഈ സമയത്ത് മുകളിലെ മരച്ചില്ലകളില്‍ അമര്‍ന്ന് സര്‍വീസ് വയര്‍ കടയുടെ തകരഷീറ്റില്‍ തട്ടിയെന്നാണ് അനുമാനിക്കുന്നത്. ഇതുവഴി കറണ്ട് തൂണിലുമെത്തിയതാകാം. അതുപോലെ തന്നെ കടയില്‍ വയറിങ്ങില്‍ പ്രശ്നമുള്ളതിനാല്‍ രാത്രി പ്രവർത്തിച്ച ബള്‍ബിന്റെ വയറിലെ ചോർച്ചയിലൂടെയും തൂണിലേക്ക് വൈദ്യുതി പ്രവഹിച്ചതാകാമെന്നും സംശയിക്കുന്നുണ്ട്.
ഈ രണ്ട് പ്രാഥമികമായ അനുമാനങ്ങളാണ് കെഎസ്ഇബി പങ്കുവയ്ക്കുന്നത്. തലേന്ന് പകല്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പരിശോധിച്ചതാണ്. എന്നാല്‍ അപ്പോള്‍ ലീക്കുള്ളതായി കണ്ടെത്തിയിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുതല്‍ മൊഴിയെടുത്ത ശേഷം അന്തിമ റിപ്പോര്‍ട്ട് വൈദ്യുത മന്ത്രിക്ക് കൈമാറും. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം സംഭവിച്ചത്. കടവരാന്തയില്‍ കയറി സഹോദരനെ കാത്തുനില്‍ക്കവെയാണ് റിജാസിന് ഷോക്കേറ്റത്. സംഭവസമയത്ത് അവിടെയെത്തിയ സഹോദരൻ റാഫിക്കും ഷോക്കേറ്റിരുന്നു. സംഭവത്തിന് പിന്നാലെ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതിയുമായി റിജാസിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. തൂണില്‍ ഷോക്കുണ്ടെന്ന് നേരത്തെ പരാതി നല്‍കിയിട്ടും കെഎസ്ഇബിയില്‍ നിന്ന് വേണ്ടത്ര ശ്രദ്ധയുണ്ടായില്ലെന്നാണ് പരാതി. കടയുടെ മുകളിലെ മരത്തില്‍ വൈദ്യുതലൈൻ തട്ടിനില്‍ക്കുന്നത് വഴിയും കടയിലേക്ക് വൈദ്യുത പ്രവാഹമുണ്ടെന്ന് പരാതിപ്പെട്ടിരുന്നതായി നാട്ടുകാരും പറയുന്നുണ്ട്. കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്ട നടപടിയെടുക്കുമെന്നാണ് വൈദ്യുത മന്ത്രി അറിയിച്ചിരുന്നത്.