തൃശൂർ : എയ്ഡഡ് സ്കൂളിലെ പ്രധാന അധ്യാപികയെ പിടിഎ അംഗവും സ്കൂളിലെ അധ്യാപകനും ചേര്‍ന്ന് അധിക്ഷേപിച്ചതായി വനിതാ കമ്മീഷനില്‍ പരാതി. പരാതി പരിഗണിച്ചപ്പോള്‍ ഈ സ്കൂളില്‍ തൊഴിലിടങ്ങളിലെ പരാതികള്‍ പരിഹരിക്കാനുള്ള ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചിട്ടില്ലെന്ന് വ്യക്തമാവുകയും ചെയ്തു. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് അര്‍ഹമായ പരിരക്ഷ ലഭ്യമാക്കുന്നതിന് ‘പോഷ്’ ആക്ട് അനുശാസിച്ചിട്ടുള്ള ഇന്റേണല്‍ കമ്മിറ്റി രൂപീകരിച്ച് പരാതി കേട്ട് റിപ്പോര്‍ട്ട് നല്കാന് നിര്‍ദേശം നല്കി. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗികവും മാനസികവും ശാരീരികവുമായ പ്രശ്നങ്ങള്‍ പ്രാഥമികമായി കേള്‍ക്കേണ്ടത് ഇന്റേണല്‍ കമ്മിറ്റി ആണെന്നും ഇതു നിര്‍ബന്ധമായും രൂപീകരിക്കണമെന്നും കേരള വനിതാ കമ്മിഷന് അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന് പറഞ്ഞു. തൃശൂര്‍ ടൗണ്‍ ഹാളില്‍ നടത്തിയ ജില്ലാതല സിറ്റിംഗില്‍ പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന് അംഗം.
വനിതാ കമ്മിഷന് നിരന്തരം സെമിനാറും ശില്‍പ്പശാലയും നടത്തി ബോധവത്കരണം നല്‍കുന്നുണ്ടെങ്കിലും സ്വകാര്യ- പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഇന്റേണല്‍ കമ്മിറ്റി കൃത്യമായി രൂപീകരിക്കുന്നില്ല. ഇത്തരം പരാതികള്‍ക്ക് ഇന്റേണല്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടാണ് അടിസ്ഥാനം. ഇവ സമയബന്ധിതമായി രൂപീകരിക്കാത്ത സ്ഥാപനങ്ങള്‍ക്ക് 50,000 രൂപ വരെ പിഴ ചുമത്താനാകുമെന്നും കമ്മിഷന് അംഗം വ്യക്തമാക്കി. വയോജനങ്ങളെ സംരക്ഷിക്കാത്ത മക്കളുടെ നിലപാട് അംഗീകരിക്കാനാവില്ലെന്നും വനിതാ കമ്മിഷന് അംഗം പറഞ്ഞു. സ്വത്ത് തട്ടിയെടുക്കല്‍, അനുഭവ അവകാശം മറച്ചുവച്ച് സ്വത്ത് കൈമാറ്റം ചെയ്യല്‍, വീട്ടില്‍ നിന്നും ഇറക്കിവിടല്‍ തുടങ്ങിയ പരാതികള്‍ കമ്മിഷന് ലഭിക്കുന്നുണ്ട്. ആര്‍ഡിഒ ചുമതല വഹിക്കുന്ന മെയിന്റനന്‍സ് ട്രിബ്യൂണലാണ് ഈ പരാതികള്‍ തീര്‍പ്പാക്കേണ്ടത്. അധികൃതര്‍ ഇത്തരം പ്രശ്നങ്ങളില്‍ കരുതലോടെ ഇടപെടല്‍ നടത്തണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുടുംബ ബന്ധങ്ങള്‍ ശിഥിലമാക്കുന്നതിന് പ്രധാന കാരണം മദ്യത്തിന്റെയും ലഹരിയുടെയും അമിത ഉപയോഗമാണ്. ഇതുമായി ബന്ധപ്പെട്ട പരാതികള്‍ കമ്മിഷന് സ്ഥിരമായി ലഭിക്കാറുണ്ട്. കുടുംബ ബന്ധങ്ങളിലെ ശൈഥില്യം ഇല്ലാതാക്കുന്നതിന് ഗൃഹനാഥന്മാര് കൂടുതല്‍ ശ്രദ്ധിക്കണം. വിവാഹബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ വിവാഹപൂര്‍വ കൗണ്‍സലിങില്‍ പങ്കെടുക്കണമെന്നും ചുമതലകള്‍ പങ്കുവയ്ക്കേണ്ട പ്രാധാന്യം ഉള്‍ക്കൊണ്ട് മുന്നോട്ടുപോകണമെന്നും കമ്മിഷന് അംഗം ഓര്‍മിപ്പിച്ചു. വയോജനങ്ങളെ സംരക്ഷിക്കാത്ത നിലപാട്, അയല്‍വാസികള്‍ തമ്മിലുള്ള പ്രശ്നം, ദമ്ബതികള്‍ക്കിടയിലെ തര്‍ക്കങ്ങള്‍, തൊഴിലിടങ്ങളിലെ അധിക്ഷേപം തുടങ്ങിയവ പരാതികളാണ് പ്രധാനമായും അദാലത്തില്‍ എത്തിയത്. ആകെ 17 പരാതികള്‍ തീര്‍പ്പാക്കി. അഞ്ച് പരാതികള്‍ പോലീസ് റിപ്പോര്‍ട്ടിനായി അയച്ചു. ശേഷിക്കുന്ന 45 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും. ആകെ 67 പരാതികളാണ് പരിഗണിച്ചത്. പാനല്‍ അഭിഭാഷകരായ ബിന്ദു രഘുനാഥന്, സജിത അനില്‍, ഫാമിലി കൗണ്‍സലര്‍ മായാ രമണന്, വനിതാ സെല്‍ സിഐ എല്‍സി എന്നിവര്‍ അദാലത്തിന് നേതൃത്വം നല്കി.