അഹമ്മദാബാദ് : റൺമല പ്രതീക്ഷിച്ച മത്സരത്തിൽ ആകാശത്തു ഉയർന്ന അയ്യർ സിക്സറുകളിൽ കൊൽക്കത്തക്ക് ഗംഭീര വിജയം. ആദ്യ ക്വാളിഫയറിൽ ഹൈദരാബാദിനെ തകർത്ത് കൊൽക്കത്ത നേരിട്ട് ഫൈനലിന് യോഗ്യത നേടി. തോറ്റ ഹൈദരാബാദിന് രണ്ടാം എലിമിനേറ്ററിൽ മത്സരിക്കാം. എട്ടു വിക്കറ്റിനാണ് കൊൽക്കത്തയുടെ വിജയം.
സ്കോർ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹൈദരാബാദ് – 159 / 10
കൊൽക്കത്ത – 164/2
ആരാധകർ റണ്‍മല പ്രതീക്ഷിച്ച മത്സരത്തില്‍ ഹൈദരാബാദിന്റെ നട്ടെല്ലൊടിച്ചത് മിച്ചല്‍ സ്റ്റാർക്കാണ്. നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് ഹൈദരാബാദ് നേടിയത്. 55 റണ്‍സെടുത്ത രാഹുല്‍ ത്രിപാഠിയാണ് എസ്ആർഎച്ചിന്റെ ടോപ് സ്കോറർ. തകർച്ചയോടെയാണ് ഹൈദരാബാദ് ബാറ്റിംഗ് ആരംഭിച്ചത്. ആദ്യ ഓവറിന്റെ രണ്ടാം പന്തില്‍ തന്നെ ട്രാവിസ് ഹെഡിനെ(0) പുറത്താക്കി മിച്ചല്‍ സ്റ്റാർക്ക് ഹൈദരാബാദിന് പ്രഹരം നല്കി. താരത്തെ സ്റ്റാർക്ക് ബൗള്‍ഡാക്കുകയായിരുന്നു. പിന്നാലെ തുടർച്ചയായി അഭിഷേക് ശർമ്മയുടെയും(3) നിതീഷ് കുമാർ റെഡിയുടെയും(9), ഷഹ്ബാസ് അഹമ്മദിന്റെയും(0) വിക്കറ്റ് വീണതോടെ ഹൈദരാബാദ് വിയർത്തു. ക്രീസിലൊന്നിച്ച രാഹുല്‍ ത്രിപാഠി -ഹെന്റിച്ച് ക്ലാസൻ സഖ്യമാണ് ഹൈദരാബാദിനെ കളിയിലേക്ക് മടക്കിക്കൊണ്ടുവന്നത്. ഇരുവരും ചേർന്ന് 62 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. ക്ലാസനെ(32) പുറത്താക്കി വരുണ്‍ ചക്രവർത്തിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
അബ്ദുള്‍ സമദിനെ കൂട്ടുപിടിച്ച് രാഹുല്‍ റണ്മലയുയർത്താൻ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. 16 റണ്‍സെടുത്ത സമദിനെ ഹർഷിത് റാണ നായകൻ ശ്രേയസ് അയ്യരുടെ കൈകളിലെത്തിക്കുകയായിരുന്നു. 13-ാം ഓവറിന്റെ രണ്ടാം പന്തില്‍ തന്നെ ഇന്നിംഗിസിലെ പോരാളിയായ രാഹുലിനെയും ഹൈദരാബാദിന് നഷ്ടമായി. ഗുർബ്ബാസ് നല്കിയ പന്തില്‍ ആന്ദ്രെ റസ്സല്‍ താരത്തെ റണ്ണൗട്ടാക്കുകയായിരുന്നു. സണ്‍വീർ സിംഗ് (0), ഭുവനേശ്വർ കുമാർ(0), എന്നിവർക്കും ഹൈദരാബാദ് നിരയില്‍ തിളങ്ങാനായില്ല. നായകൻ പാറ്റ് കമ്മിൻസിന്റെ (30) പ്രകടനമാണ് ഹൈദരാബാദിനെ 150 റണ്‍സ് കടത്താൻ സഹായിച്ചത്.
കൊല്‍ക്കത്തയ്ക്കായി മിച്ചല്‍ സ്റ്റാർക്ക് മൂന്ന് വിക്കറ്റുമായും വരുണ്‍ ചക്രവർത്തി രണ്ട് വിക്കറ്റ് വീഴ്ത്തിയും തിളങ്ങി. വൈഭവ് അറോറ, ഹർഷിത് റാണ, സുനില്‍ നരെയ്ൻ, ആന്ദ്രെ റസ്സല്‍ എന്നിവർ ഒരു വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗ് ആരംഭിച്ച കൊൽക്കത്തയ്ക്കുവേണ്ടി ഗുർബാസും (23) സുനിൽ നരേനും (21) മികച്ച തുടക്കമാണ് നൽകിയത്. 44 ൽ ഗുർബാസും , 61 ൽ സുനിൽ നരേനും പുറത്തായതോടെയാണ് അയ്യർമാരുടെ ആക്രമണം ആരംഭിച്ചത്. വെങ്കിടേഷ് അയ്യരും (51) ശ്രേയസ് അയ്യരും (58) മെല്ലെയാണ് തുടങ്ങിയതെങ്കിലും കത്തിക്കയറിയതോടെ കൊൽക്കത്ത അതിവേഗം വിജയലക്ഷ്യത്തിലേക്ക് മുന്നേറി. 13 ഓവറിൽ കൊൽക്കത്ത വിജയ ലക്ഷ്യം മറികടന്നു.