ഇടുക്കി: പശുവിനെ മാറ്റിക്കെട്ടാനായി പോയ മുത്തശ്ശിക്കൊപ്പം പറമ്പിലൂടെ നടന്ന നാലു വയസ്സുകാരൻ കുളത്തില്‍ വീണുമരിച്ചു. പൂമാലയില്‍ കൂവക്കണ്ടം മുണ്ടാട്ടുചുണ്ടയില്‍ വൈഷ്ണവിന്റെയും ഷാലുവിന്റെയും മകൻ ധീരവാണ് മരിച്ചത്. ഇന്നലെ രാവില 11 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. മുത്തശ്ശി പശുവിനെ മാറ്റിക്കെട്ടുന്നതിനിടയില്‍ കുഞ്ഞിനെ കാണാതാവുക ആയിരുന്നു. ഉടൻ തന്നെ കുഞ്ഞിനായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഹൈദരാബാദില്‍ നഴ്സായി ജോലി ചെയ്യുന്ന അമ്മ ഷാലുവിന്റെ മാതാപിതാക്കളായ മുണ്ടാട്ടുചുണ്ടയില്‍ ഷാജിയുടെയും ജാൻസിയുടെയും ഒപ്പമാണ് ധീരവ് താമസിച്ചിരുന്നത്. രാവിലെ 11.30നു പശുവിനെ മാറ്റിക്കെട്ടാനായി പോയ മുത്തശ്ശിയുടെ പിന്നാലെ എത്തിയ ധീരവ് അബദ്ധത്തില്‍ അയല്‍വാസിയുടെ കുളത്തില്‍ വീഴുകയായിരുന്നു. കുളക്കരയില്‍ കുട്ടിയുടെ ചെരിപ്പ് കണ്ടതോടെ കുളത്തില്‍ നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.