രജനികാന്തിന് യുഎഇ ഗോള്‍ഡൻ വിസ ; അബുദാബി ഗവണ്‍മെന്‍റ് കള്‍ച്ചർ ആൻഡ് ടൂറിസം വകുപ്പ് ചെയർമാൻ വീസ പതിച്ച എമിറേറ്റ്സ് ഐഡി താരത്തിന് കൈമാറി

അബുദാബി: തമിഴ് സൂപ്പർതാരം രജനികാന്തിന് യുഎഇ ഗോള്‍ഡൻ വിസ. അബുദാബി ഡിസിടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ അബുദാബി എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗവും അബുദാബി ഗവണ്‍മെന്‍റ് കള്‍ച്ചർ ആൻഡ് ടൂറിസം (ഡിസിടി) വകുപ്പ് ചെയർമാനുമായ മുഹമ്മദ് ഖലീഫ അല്‍ മുബാറക് വീസ പതിച്ച എമിറേറ്റ്സ് ഐഡി താരത്തിന് കൈമാറി. പ്രമുഖ വ്യവസായിയും അബുദാബി ചേംബർ വൈസ് ചെയർമാനുമായ എം.എ. യൂസഫലിയാണ് ഉദ്യോഗസ്ഥരോടൊപ്പം ഈ നടപടികള്‍ പൂർത്തിയാകുന്നതിന് സഹായിച്ചത്. അബുദാബി സർക്കാരില്‍ നിന്ന് അഭിമാനകരമായ യുഎഇ ഗോള്‍ഡൻ വീസ ലഭിച്ചതില്‍ അതിയായ സന്തോഷം പ്രകടിപ്പിച്ച്‌ രജനികാന്ത് നന്ദി പറഞ്ഞു. അബുദാബി സർക്കാരിനും ഈ വീസ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സുഗമമാക്കിയതിന് സുഹൃത്തായ ലുലു ഗ്രൂപ്പ് സിഎംഡി യൂസഫലിക്കും താരം നന്ദി അറിയിച്ചു. യുഎഇ സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അല്‍ നഹ്യാനെയും സൂപ്പർ താരം അബുദാബിയിലെ കൊട്ടാരത്തില്‍ സന്ദർശിച്ചു. പിന്നീട് ബിഎപിഎസ് ഹിന്ദു മന്ദിറും അബുദാബിയിലെ ഷെയ്ഖ് സായിദ് വലിയ പള്ളിയും സന്ദർശിക്കുകയുണ്ടായി. തന്‍റെ പുതിയ ചിത്രമായ വേട്ടയാന്‍റെ ഷൂട്ടിങ് പൂർത്തിയാക്കിയ ശേഷമാണ് രജനികാന്ത് അബുദാബിയിലെത്തിയത്.

Advertisements

Hot Topics

Related Articles