കടുത്തുരുത്തി: ഉഴുത് മറിച്ച പാടമല്ല ഇത് കടുത്തുരുത്തി അറുനൂറ്റിമംഗലം റോഡാണ്. കടുത്തുരുത്തിയിൽ നിന്നും എറണാകുളത്തേക്ക് പോകാവുന്ന എളുപ്പവഴിയായ കടുത്തുരുത്തി – പിറവം റോഡിൽ കടുത്തുരുത്തി മുതൽ അറുനൂറ്റിമംഗലം ജംഗ്ഷൻ വരെയുള്ള റോഡാണ് ഇപ്പോൾ ഉഴുതു മറിച്ച പാടം പോലെ കിടക്കുന്നത്. മഴ കൂടി ആരംഭിച്ചതോടെ റോഡിന്റെ തകർച്ച പൂർണമായി. റോഡിൽ ഇപ്പോൾ വൻ കുഴികളാണുള്ളത്. കുഴിയിൽ ഇരുചക വാഹനങ്ങളും മറ്റു വാഹനങ്ങളും പതിച്ച് അപകടം പതിവായിരിക്കുകയാണ്. രണ്ടു വർഷം മുൻപ് പൊതുമരാമത്ത് വകുപ്പ് മന്ത്രി
കൊട്ടിഘോഷിച്ചായിരുന്നു റോഡിൻ്റെ നിർമാണ ഉദ്ഘാടനം. ആധുനിക നിലവാരത്തിൽ നവീകരിക്കാൻ 5.50 കോടി രൂപയാണ് അനുവദിച്ചിരുന്നത്. ജലമിഷൻ പദ്ധതിയുടെ പൈലൈൻ സ്ഥാപിക്കുന്നതിനു വേണ്ടി ടാറിങ് ജോലികൾ മാറ്റിവച്ചതാണ് നാട്ടുകാരെ ദുരിതത്തിലാക്കിയത്.
അറുനൂറ്റിമംഗലത്തെ ജലസംഭരണിയിൽ നിന്നു ജലവിതരണം നടത്തുന്നതിനുള്ള വലിയ പൈപ്പുകളും പ്രാദേശിക -ഗാർഹിക ജലവിതരണത്തിനുള്ള ചെറിയ പൈപ്പുകളും റോഡിൻ്റെ ഇരുവശത്തുമായി ഇടാനായിരുന്നു പദ്ധതി. എന്നാൽ ഇതിന് അനുമതി ലഭിക്കാൻ വൈകിയതോടെ തകർന്നു കിടന്നിരുന്ന റോഡ് കുടുതൽ പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി. ഒടുവിൽ
അനുമതി ലഭിച്ച് പൈപ്പിടിൽ ആരംഭിച്ചതിനിടയിൽ കരാറുകാരൻ സാമ്പത്തിക പ്രതിസന്ധിയിലായി പണികൾ നിർത്തി. ഒരു കിലോമീറ്റർ കൂടി പൈപ്പുകൾ ഇട്ടാൽ പണി പൂർത്തിയാകും. കരാറുകാരന് വിവിധ ജോലികളിൽ 6 കോടി രൂപ ലഭിക്കാനുണ്ട്. ഇതിൽ നിന്ന് ഒരു കോടി രൂപാ നൽകിയാൽ പൈപ്പിടിൽ പൂർത്തിയാക്കാനാവൂ മെന്ന് കരാറുകാരൻ പറഞ്ഞു. പൈപ്പിടിൽ പൂർത്തിയാക്കി ജല അതോറിറ്റി ക്ലിയറൻസ് നൽകിയാലേ റോഡ് ടാറിങ് നടത്താൻ കഴിയുകയുള്ളു. കടുത്തുരുത്തി എൽ.ഡി.എഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റ്യന് നിവേദനം നൽകിയിരുന്നു. ഉടനെ പരിഹരിക്കാമെന്ന് പറഞ്ഞെങ്കിലും ഇനി മഴക്കാലം കഴിയാതെ ടാറിഗ് ജോലികൾ ചെയ്യാൻ കഴിയുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ.