കോട്ടയം സോമരാജ് ഓർമ്മയായി; അന്തിമോപചാരം അർപ്പിച്ച് നിരവധിപേർ

ഇന്നലെ അന്തരിച്ച മിമിക്രി-ചലച്ചിത്ര താരം പുതുപ്പള്ളി പയ്യപ്പാടി കല്ലുവേലിപ്പറമ്പില്‍ കോട്ടയം സോമരാജിൻ്റെ മൃതദേഹം വൻജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു. ചലചിത്ര മിമിക്രി രംഗത്തെ നിരവധി പേർ വീട്ടിലും, മുട്ടമ്പലത്തുമെത്തി അന്തിമോപചാരം അർപ്പിച്ചു. ആറു മാസമായി ഉദരരോഗത്തിനു ചികിത്സയിലായിരുന്ന സോമരാജിന് പക്ഷാഘാതം സംഭവിച്ചതിനെത്തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ്‌ ഇന്നലെയാണ് അന്ത്യം സംഭവിച്ചത്. കാഥികന്‍, മിമിക്രി ആര്‍ട്ടിസ്‌റ്റ്, നടന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ തിളങ്ങിയ കോട്ടയം സോമരാജന്‍ അഞ്ചരകല്യാണം, കണ്ണകി, കിങ്‌ ലയര്‍, ഫാന്റം, അണ്ണന്‍തമ്ബി തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്‌.

Advertisements

കഞ്ഞിക്കുഴി കാച്ചുവേലിക്കുന്നിലായിരുന്നു ജനനം. വി.ഡി. രാജപ്പനില്‍നിന്നു പ്രോത്സാഹനമുള്‍ക്കൊണ്ട്‌ ഓണപ്പരിപാടികളില്‍ ഹാസ്യകഥാപ്രസംഗം അവതരിപ്പിച്ചാണ്‌ തുടക്കം. സംക്രാന്തി നസീര്‍, മംഗളം പ്രസാദ്‌, അലക്‌സ് കോട്ടയം തുടങ്ങിയവര്‍ക്കൊപ്പം കോട്ടയം മക്കൂസ്‌ എന്ന ട്രൂപ്പിലൂടെയാണു മിമിക്രി രംഗത്തെത്തുന്നത്‌. തുടര്‍ന്ന്‌ മംഗളം മിമിക്‌സ് ട്രൂപ്പിലും കോട്ടയം നസീറിന്റെ കൊച്ചിന്‍ ഡിസ്‌കവറി എന്ന ട്രൂപ്പിലും പ്രവര്‍ത്തിച്ചു. സിനിമാ താരങ്ങള്‍ പങ്കെടുത്തിരുന്ന വിദേശ ഷോകള്‍ക്കും നിരവധി പാരഡി കാസറ്റുകള്‍ക്കും സ്‌ക്രിപ്‌റ്റ് എഴുതി. ടെലിവിഷന്‍ കോമഡിഷോകളിലും സജീവമായിരുന്നു. ടോംസ്‌ കോമിക്‌സിലെ മണ്ടൂസ്‌ എന്ന കഥാപാത്രം സോമരാജന്റെ സൃഷ്‌ടിയാണ്‌. ഹാസ്യകഥാപ്രസംഗത്തില്‍ സിനിമാതാരങ്ങളെ കഥാപാത്രങ്ങളായി ആദ്യം അവതരിപ്പിച്ചത്‌ സോമരാജാണ്‌. സംസ്‌കാരം ഇന്ന്‌ ഉച്ചകഴിഞ്ഞു 4ന്‌ മുട്ടമ്ബലം വൈദ്യുതി ശ്‌മശാനത്തില് നടന്നു. ഭാര്യ: ശാന്തമ്മ . മക്കള്‍: ശാരിക, രാധിക , ദേവിക

Hot Topics

Related Articles