ബാർ കോഴ വിവാദം: എക്സൈസ് മന്ത്രിയുടെയും സിപിഎമ്മിന്റെയും വാദങ്ങള്‍ തെറ്റ്; 97 ബാര്‍ ലൈസൻസ് അടക്കം സർക്കാർ നൽകിയത് നിരവധി ഇളവുകൾ

തിരുവനന്തപുരം : ബാറുടമകളെ സഹായിക്കുന്ന ഒരു നിലപാടും സ്വീകരിച്ചിട്ടില്ലെന്ന എക്സൈസ് മന്ത്രിയുടെയും സിപിഎമ്മിൻറെയും വാദങ്ങള്‍ തെറ്റ്. 97 ബാര്‍ ലൈസൻസ് നല്‍കിയതടക്കം രണ്ടാം പിണറായി സര്‍ക്കാര്‍ ബാറുടമകള്‍ക്ക് കയ്യയച്ചാണ് ഇളവുകള്‍ നല്‍കിയത്. ബെവ്കോ ഔട്ട്ലെറ്റുകള്‍ക്ക് പൊതു അവധികള്‍ ബാധകമാക്കിയത് മുതല്‍ ടേണ്‍ഓവര്‍ ടാക്സ് വെട്ടിപ്പ് നടത്തിയ ബാറുകള്‍ക്ക് മദ്യം നല്‍കരുതെന്ന നികുതി വകുപ്പ് നിര്‍ദ്ദേശം അട്ടിമറിച്ചത് അടക്കമുള്ള സഹായങ്ങള്‍ വേറെയും. രണ്ടാം ബാര്‍ കോഴ ആരോപണത്തില്‍ ആകെ പ്രതിരോധത്തിലാണ് രണ്ടാം പിണറായി സര്‍ക്കാര്‍. പുതിയ മദ്യ നയത്തെ കുറിച്ച്‌ പ്രാഥമിക ആലോചന പോലും നടന്നിട്ടില്ലെന്ന് മാത്രമല്ല ബാറുടകമകളെ സഹായിക്കാൻ ഒന്നും ചെയ്തിട്ടില്ലെന്ന് അക്കമിട്ട് നിരത്തിയായിരുന്നു എക്സൈസ് മന്ത്രി എം ബി രാജേഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. എന്നാല്‍ കാര്യം അങ്ങനെ അല്ല. മദ്യ നിരോധനമല്ല, മദ്യ വര്‍ജ്ജനമാണ് നയമെന്ന് പ്രഖ്യാപിച്ച ഇടത് സര്‍ക്കാര്‍ നടപ്പാക്കിയതെല്ലാം ബാറുടമകളുടെ താല്‍പര്യം. സംസ്ഥാനത്ത് നിലവില്‍ 801 ബാറുണ്ട്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം മാത്രം ലൈസൻസ് അനുവദിച്ചത് 97 ബാറുകള്‍ക്കാണ്.

Advertisements

ത്രീ സ്റ്റാറും അതിനിനുമുകളിലും ക്ലാസിഫിക്കേഷൻ നേടിയ 33 ബിയര്‍ വൈൻ പാര്‍ലറുകള്‍ക്ക് ബാര്‍ ലൈസൻസ് പുതുക്കി കൊടുക്കുക കൂടി ചെയ്തതോടെ ഫലത്തില്‍ സംസ്ഥാനത്ത് അധികം തുറന്നത് 130 ബാറുകളാണ്. ദൂരപരിധി മാനദണ്ഡഘങ്ങള്‍ കര്‍ശനമാക്കാനോ പുതിയ ബാറുകള്‍ വേണ്ടെന്ന തീരുമാനം എടുക്കാനോ സര്‍ക്കാര്‍ തുനിയാത്തത് ബാറുകള്‍ തമ്മിലുള്ള കിടമത്സരത്തിനും ചട്ടം ലംഘിച്ചുള്ള വിഷപ്പനക്കും എല്ലാം കാരണമായിട്ടുണ്ടെന്ന് എക്സൈസ് വകുപ്പിന്‍റെ തന്നെ കണ്ടെത്തലുണ്ട്. നിയമലംഘനങ്ങളില്‍ കര്‍ശന നടപടി എടുത്തെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്ബോഴും ടേണ്‍ഓര്‍ ടാക്സ് വെട്ടിച്ച ബാറുടമകള്‍ക്ക് മദ്യം വിതരണം ചെയ്യേണ്ടെന്ന നികുതി വകുപ്പ് നിലപാടും അട്ടിമറിച്ചു. കൃത്യമായ റിട്ടേണ്‍സ് സമര്‍പ്പിക്കാത്ത 328 ബാറുകള്‍ സംസ്ഥാനത്തുണ്ടെന്നാണ് കണക്ക്. പൊതുമേഖല സ്ഥാപനങ്ങള്‍ക്കൊപ്പം ബെവ്കോയ്ക്കും കണ്‍സ്യൂമര്‍ഫെഡിനും സര്‍ക്കാര്‍ അവധി പ്രഖ്യാപിക്കുകയും മദ്യ വില്‍പനക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചാല്‍ ബാറുകളടക്കം എല്ലാം അടച്ചിടുന്ന പതിവിനും മാറ്റമുണ്ടായത് രണ്ടാം പിണറായി സര്‍ക്കാര്‍ കാലത്താണ്. അവധി ബെവ്കോ ഔട്ലറ്റുകള്‍ക്ക് മാത്രം പരിമിതപ്പെടുത്തുമ്ബോള്‍ തുറന്നിരിക്കുന്ന ബാറുകള്‍ക്ക് എന്നും ചാകരയാണ്.

Hot Topics

Related Articles