ക്വാലാലംപുർ: മലേഷ്യൻ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ ടിക്കറ്റെടുത്ത് ഇന്ത്യൻ താരം പി വി സിന്ധു. 88 മിനിറ്റ് നീണ്ടുനിന്ന മൂന്ന് സെറ്റ് പോരാട്ടത്തില്‍ തായ്‌ലൻഡ് താരം ബുസാൻ ഓംഗ്ബാംറുംഗ്ഫാനെ 13-21, 21-16, 21-12ന് തോല്‍പ്പിച്ചാണ് താരം ഫൈനലില്‍ ഇടംപിടിച്ചത്. ചൈനീസ് താരമായ വാംഗ് ഷി യി ആണ് സിന്ധുവിന്റെ ഫൈനലിലെ എതിരാളി.ആദ്യ സെറ്റ് മത്സരത്തില്‍ 13-21ന് കൈവിട്ട താരം അതി ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ഒന്നര മണിക്കൂറോളം നീണ്ട മത്സരത്തില്‍ രണ്ടും മൂന്നും സെറ്റുകള്‍ സ്വന്തമാക്കിയാണ് സിന്ധു ഫൈനല്‍ ഉറപ്പിച്ചത്. കഴിഞ്ഞ വർഷം ഏപ്രിലില്‍ നടന്ന സ്‌പെയിൻ മാസ്റ്റേഴ്സിന് ശേഷം ആദ്യമായാണ് സിന്ധു ഒരു ലോക ടൂർണമെന്റ് ഫൈനലില്‍ പ്രവേശിക്കുന്നത്. പാരിസ് ഒളിംപിക്സ് വരാനിരിക്കെയാണ് താരത്തിന്റെ നേട്ടമെന്നത് ഇന്ത്യൻ മെഡല്‍ പ്രതീക്ഷകള്‍ കൂട്ടുകയാണ്. കഴിഞ്ഞ ദിവസം ടോപ് സീഡ് ചൈനയുടെ ഹാൻ യുവിനെ തോല്‍പ്പിച്ചാണ് താരം സെമിയിലെത്തിയത്. ബാഡ്മിന്റണിന്റെ രണ്ടാം റൗണ്ടില്‍ സ്കോട്ലൻഡ് താരം കിർസ്റ്റി ഗില്‍മോറിനെയും സിന്ധു 21-17,21-16ന് തോല്‍പ്പിച്ചിരുന്നു. വനിതാ ബാഡ്മിന്റണില്‍ കൂടുതല്‍ മത്സര വിജയങ്ങള്‍ നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡും താരം കഴിഞ്ഞ ദിവസം സ്വന്തമാക്കി.