തിരുച്ചിറപ്പള്ളി : തമിഴ്നാട്ടില്‍ ഡിവൈഡറിന് മുകളിലൂടെ യുവാവിന്റെ സാഹസിക ഡ്രൈവിംഗ്. തിരുച്ചിറപ്പള്ളിയിലാണ് അഭ്യാസ പ്രകടനം. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ യുവാവിനായി തെരച്ചില്‍ തുടങ്ങി പൊലീസ്. തിരുച്ചിറപ്പള്ളിയിലെ കൊല്ലിടം നദിക്ക് മുകളിലൂടെയുളള ഡിവൈഡറിലായിരുന്നു യുവാവിന്റെ സാഹസം. ഡിവൈഡറിന് ഇരുവശത്തുമായി നിരവധി വാഹനങ്ങള്‍ പോകുന്ന സമയത്താണ് അഭ്യാസ പ്രകടനമെന്നതാണ് ശ്രദ്ധേയം. മെയ് 23നാണ് സംഭവം നടന്നത്.
മുത്തയ്യർ രാജവംശത്തിലെ തഞ്ചാവൂർ രാജാവായിരുന്ന പെരുമ്പിടുഗ് മുത്തരയ്യരുടെ ജന്മദിനത്തില് തിരുച്ചിറപ്പള്ളിയിലെ പ്രതിമയില്‍ ഹാരമർപ്പിച്ച ശേഷം യുവാക്കള്‍ ബൈക്ക് റാലി സംഘടിപ്പിച്ചിരുന്നു. ഇതിനിടയിലാണ് അഭ്യാസ പ്രകടനം നടന്നത്. മോപ്പെഡ് ഇനത്തിലെ ഇരുചക്ര വാഹനത്തില്‍ ഡിവൈഡറിന് മുകളിലൂടെ അമിത വേഗതയിലാണ് യുവാവ് നീങ്ങുന്നത്. ഇതിനൊപ്പം യുവാവിന് പിന്തുണയുമായി നിരത്തിലൂടെ മറ്റ് യുവാക്കള്‍ ആർപ്പ് വിളികളോടെ ഇരുചക്ര വാഹനങ്ങള്‍ അമിത വേഗതയില്‍ ഓടിക്കുന്നത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് സംഭവം പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. വാഹനമോടിക്കുന്ന യുവാവിനും നിരത്തിലുള്ള മറ്റ് വാഹനങ്ങള്‍ക്കും യാത്രക്കാർക്കും അപകടമുണ്ടാക്കുന്ന രീതിയിലാണ് യുവാവിന്റെ അഭ്യാസ പ്രകടനം.