ദില്ലി : ദില്ലിയില്‍ മലയാളി പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. വടകര സ്വദേശി ബിനീഷ് ആണ് മരിച്ചത്. ദില്ലിയില്‍ കടുത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ ഇദ്ദേഹത്തിന്റെ മരണം ഉഷ്ണതരംഗം മൂലമാണോ എന്ന സംശയം ഉയരുന്നുണ്ട്. കടുത്ത ചൂടില്‍ രണ്ട് ദിവസം ബിനീഷ് പരിശീലനത്തില്‍ പങ്കെടുത്തിരുന്നുവെന്ന് സഹപ്രവർത്തകർ പറയുന്നു. പരിശീലനത്തിന് ശേഷം അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടർന്നാണ് മരണം സംഭവിച്ചത്. ഉഷ്ണതരംഗത്തെ തുടർന്നാണോ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചത് എന്ന കാര്യത്തില്‍ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ മനസ്സിലാക്കാൻ സാധിക്കൂ എന്നാണ് ദില്ലി പൊലീസിന്റെ ഔദ്യോഗിക ഭാഷ്യം.
ഉത്തരേന്ത്യയില്‍ ഉഷ്ണതരംഗം അതികഠിനമാകുന്നു. ഇന്ന് പഞ്ചാബ്, ഹരിയാന, ദില്ലി, പടിഞ്ഞാറൻ രാജസ്ഥാൻ, മധ്യപ്രദേശ്, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവടങ്ങളില്‍ ഉഷ്ണതരംഗം അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇവിടങ്ങളില്‍ റെഡ് അലെർട്ട് തുടരും. ഇന്നലെ രാജസ്ഥാനിലെ ചുരുവില്‍ ചൂട് 50 ഡിഗ്രിക്കും മുകളിലായി. ദില്ലിയിലെ മുൻഗേഷ്പൂരില്‍ ചൂട് 49.9 ഡിഗ്രി വരെയായി അനുഭവപ്പെട്ടിരുന്നു.