കണ്ണൂർ: കണ്ണൂരിലെ തങ്കേക്കുന്നില്‍ ദേശീയപാത നിർമാണ മേഖലയില്‍ മണ്ണിടിച്ചില്‍. പ്രദേശത്തെ റോഡും വീടുകളും അപകടാവസ്ഥയിലാണ്. സോയില്‍ നെയിലിങ് ചെയ്ത ഭാഗങ്ങളിലും മണ്ണിടിയുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കിയിരിക്കുകയാണ്. തങ്കേക്കുന്നില്‍ 20 മീറ്റർ താഴ്ചയിലാണ് പുതിയ ദേശീയ പാതയുടെ നിർമ്മാണം. ഈ ഭാഗത്താണ് മണ്ണിടിച്ചില്‍. ഇതോടെ വീടുകള്‍ അപകടാവസ്ഥയിലാണ്.
താഴെ ചൊവ്വ ആറ്റടപ്പ റോഡും ഇടിയാൻ സാധ്യതയുണ്ട്. മണ്ണിടിച്ചില്‍ തടയാൻ സോയില്‍ നെയിലിങ് ചെയ്തിട്ടുണ്ടെങ്കിലും പ്രയോജനമില്ല. ഒലിച്ചിറങ്ങുന്ന വെള്ളത്തിന് ഒഴുകിപ്പോകാൻ വഴിയടഞ്ഞതാണ് പ്രതിസന്ധിയായത്. മണ്ണിടിച്ചില്‍ ഭീഷണിക്ക് പുറമേ ഗതാഗത തടസവും നാട്ടുകാരെ വലയ്കുന്നു. താഴെ ചൊവ്വ നിന്ന് തങ്കേക്കുന്ന് വഴി ചക്കരക്കല്ലിലേക്ക് ബസ് സർവീസ് ഉണ്ടായിരുന്നു. നാല് മാസമായി ഈ വഴി നടന്നു പോകാനേ നിർവാഹമുള്ളൂ. താഴെ ചൊവ്വയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് ആറ്റടപ്പ റോഡിലേക്ക് കയറനുള്ള പാലം നിർമാണം എങ്ങുമെത്തിയിട്ടില്ല. വൈകിയതിന് കാരണം സാങ്കേതിക പ്രശ്നമെന്നാണ് ദേശീയപാത അതോറിറ്റിയുടെ വിശദീകരണം.