തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ എക്സാലോജിക് കമ്പനിക്കെതിരെ വീണ്ടും ഗുരുതര ആരോപണവുമായി ഷോണ്‍ ജോർജ്. അബുദാബി കൊമേഷ്യല്‍ ബാങ്കില്‍ എക്സാലോജികിന് അക്കൗണ്ട് ഉണ്ടെന്നും പി.ഡബ്ല്യൂ.സി, എസ്.എൻ.സി ലാവലിൻ കമ്പനികളില്‍നിന്നും ഇതിലേക്ക് കോടികളെത്തിയെന്നും അദ്ദേഹം ആരോപിച്ചു. വാർത്താസമ്മേളനത്തിലാണ് ഷോണിന്റെ വെളിപ്പെടുത്തല്‍. ‘അബുദാബി കൊമേർഷ്യല്‍ ബാങ്കില്‍ ‘എക്സാലോജിക് കണ്‍സല്‍ട്ടിങ്, മീഡിയ സിറ്റി യു.എ.ഇ’ എന്ന വിലാസത്തിലാണ് അക്കൗണ്ട് ഉള്ളത്. മുഖ്യമന്ത്രിയുടെ മകള്‍ വീണയും മുൻ ബന്ധുവായ എം. സുനീഷുമാണ് അക്കൗണ്ട് ഉടമകള്‍. കോടികളുടെ ഇടപടാണ് അക്കൗണ്ടിലൂടെ നടന്നത്. 2018 ഡിസംബർ ഒന്നിന് പി.ഡബ്ല്യൂ.സി കമ്പനിയുമായി കരാർ ഒപ്പിട്ടു. 2020-ല്‍ കരാറിന്റെ കാലാവധി കഴിയുന്നതുവരെ അക്കൗണ്ടില്‍ പണമെത്തി. അക്കൗണ്ടില്‍നിന്ന് പണം പോയത് അമേരിക്കൻ അക്കൗണ്ടുകളിലേക്കാണ്.
അക്കൗണ്ടിലേക്കെത്തിയ കോടികള്‍ക്ക് കരിമണല്‍ കമ്ബനിയായ സി.എം.ആർ.എല്‍ ഉള്‍പ്പടെയുള്ളവയില്‍ നിന്ന് ലഭിച്ച പണവുമായി ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്’, ഷോണ്‍ ജോർജ് ആരോപിച്ചു. അക്കൗണ്ടിനെ സംബന്ധിച്ച വിവരം തനിക്ക് തന്നത് ദൈവമാണെന്ന് പറഞ്ഞ ഷോണ്‍, ലോകത്ത് എവിടെ ചെന്നാലും മലയാളി ഉണ്ടല്ലോ എന്നും കൂട്ടിച്ചേർത്തു. ജനങ്ങള്‍ എല്ലാം അറിയണമെന്നും മുഖ്യമന്ത്രി ഇനി സ്ഥാനത്ത് തുടരാൻ പാടില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അക്കൗണ്ടിനേക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഷോണ്‍ ഹൈക്കോടതിയില്‍ ഉപഹർജി നല്‍കിയിട്ടുണ്ട്.