കൊല്ലം: തുണിയലക്കുന്നതിനിടെ കാല്‍വഴുതി ആറ്റില്‍ വീണ് 10 കിലോമീറ്റർ ഒഴുകിയ വീട്ടമ്മയ്ക്കിത് രണ്ടാം ജന്മം. കുളക്കട കിഴക്ക് മനോജ് ഭവനില്‍ ശ്യാമളയമ്മ (64) ആണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. വീടിനു സമീപത്തെ കടവില്‍ തുണിയലക്കാനായി എത്തിയതായിരുന്നു ശ്യാമളയമ്മ. ഇതിനിടെയില്‍ കാല്‍വഴുതി ആറ്റില്‍ വീഴുകയായിരുന്നു. നീന്തല്‍ അറിയില്ലായിരുന്നു. ശക്തമായ മഴയില്‍ ആറ്റിലെ ജലനിരപ്പ് ഉയർന്നിരുന്നതിനാല്‍ ശക്തമായ ഒഴുക്കും അനുഭവപ്പെട്ടിരുന്നു.
ഒഴുക്കില്‍പ്പെട്ട ശ്യാമളയമ്മ ചെട്ടിയാരഴികത്ത്, ഞാങ്കടവ്, കുന്നത്തൂർ പാലങ്ങളും പിന്നിട്ട് താഴേക്ക് ഒഴുകിപ്പോകുകയായിരുന്നു. തുടർന്ന് ചെറുപൊയ്ക മംഗലശേരി കടവിനു സമീപത്തുനിന്നു നിലവിളി കേട്ടു നോക്കിയ പരിസരവാസികളായ ദീപയും സൗമ്യയുമാണു വള്ളിപ്പടര്‍പ്പില്‍ പിടിച്ചുകിടക്കുന്ന ശ്യാമളയമ്മയെ കണ്ടത്. ഇവരാണ് നാട്ടുകാരെ വിളിച്ചുകൂട്ടിയതും പൊലീസില്‍ അറിയിച്ചതും. നാട്ടുകാര്‍ വഞ്ചിയിറക്കി കരയ്ക്ക് എത്തിച്ചു. അഗാധമായ കയമുള്ള ഉരുളുമല ഭാഗത്താണു ശ്യാമളയമ്മ വള്ളിയില്‍ തങ്ങിനിന്നത്. തുടർന്ന് പ്രാഥമിക ചികിത്സയ്ക്കായി സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു.