കൊച്ചി : സിഎംആർഎല്‍ എക്സാലോജിക് മാസപ്പടി ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജ് നല്കിയ ഹര്‍ജികളിലെ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു. എക്സാലോജിക് കമ്പനിയുടെ പേരില്‍ അബുദാബി കമേഷ്യല്‍ ബാങ്കിലുള്ള അക്കൗണ്ട് സംബന്ധിച്ച് അന്വേഷണം വേണമെന്ന ഉപഹർജിയിലെ നടപടി അടക്കമാണ് അവസാനിപ്പിച്ചത്. എസ്എഫ്ഐഒ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ ഉപഹർജിയില്‍ കോടതി ഇടപെട്ടില്ല. അന്വഷണം അവസാനിച്ച ശേഷം പരാതിയുണ്ടെങ്കില്‍ വീണ്ടും ഹർജിയുമായി കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ കെഎസ്ഐഡിസിയുടെ ഹര്‍ജിയില്‍ കോടതി ജൂലൈ 15 ന് വിശദമായ വാദം കേള്‍ക്കും. ഹര്‍ജിയില്‍ അധിക സത്യവാങ്മൂലം നല്‍കാനുണ്ടെന്ന് എസ്എഫ്ഐഒ അറിയിച്ചു. ഈ ഹർജിയില്‍ കക്ഷിചേരാൻ ഷോണ്‍ ജോർജ് അപേക്ഷ നല്കി. അടുത്ത തവണ ഹർജി പരിഗണിക്കുമ്പോള്‍ അപേക്ഷയില്‍ കോടതി തീരുമാനം എടുക്കും.