പ്രേമലു എന്ന ചിത്രത്തിന്‍റെ വന്‍ വിജയം മമിത ബൈജുവിന് വലിയ കരിയര്‍ ബ്രേക്ക് ആണ് നേടിക്കൊടുത്തത്. മലയാളികള്‍ക്ക് പുറമെ തമിഴ്, തെലുങ്ക് പ്രേക്ഷകര്‍ക്കിടയിലും ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. തെലുങ്ക്, തമിഴ് പതിപ്പുകള്‍ പ്രദര്‍ശനത്തിനും എത്തിയിരുന്നു. പ്രേമലുവിന് പിന്നാലെയാണ് മമിതയുടെ തമിഴ് അരങ്ങേറ്റ ചിത്രം തിയറ്ററുകളില്‍ എത്തിയത്. ജി വി പ്രകാശ് കുമാര്‍ നായകനായെത്തിയ റിബല്‍ എന്ന ചിത്രമായിരുന്നു അത്. ഇപ്പോഴിതാ മറ്റൊരു തമിഴ് ചിത്രത്തിലും നായികയായി മമിത എത്തുകയാണ്. സംവിധായകനായും നടനായും തിളങ്ങിയ പ്രദീപ് രംഗനാഥനാണ് ചിത്രത്തിലെ നായകന്‍. പ്രേക്ഷകശ്രദ്ധ നേടിയ ലവ് ടുഡേ എന്ന ചിത്രം സംവിധാനം ചെയ്ത്, നായകനായി അഭിനയിച്ചത് പ്രദീപ് രംഗനാഥന്‍ ആയിരുന്നു. കോമാളി എന്ന ചിത്രവും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. കീര്‍ത്തീശ്വരനാണ് പ്രദീപ് രംഗനാഥനെയും മമിത ബൈജുവിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സിനിമ സംവിധാനം ചെയ്യുന്നത്.
പ്രശസ്ത സംവിധായിക സുധ കൊങ്കരയുടെ അസോസിയേറ്റ് ആയിരുന്ന പ്രദീപ് രംഗനാഥന്‍റെ സംവിധാന അരങ്ങേറ്റമാണ് ഈ ചിത്രം. അതേസമയം മറ്റൊരു തമിഴ് ചിത്രം മമിതയുടേതായി പ്രദര്‍ശനത്തിനെത്താനുമുണ്ട്. അരുണ്‍ വിജയ്‌യെ നായകനാക്കി ബാല സംവിധാനം ചെയ്ത വണങ്കാന്‍ ആണ് അത്. പ്രദീപ് രംഗനാഥന്‍ അഭിനയിച്ച മറ്റൊരു ചിത്രവും പ്രേക്ഷകരെ തേടി എത്തുന്നുണ്ട്. വിഗ്നേശ് ശിവന്‍ സംവിധാനം ചെയ്യുന്ന എല്‍ഐസി എന്ന ചിത്രമാണ് അത്. ലവ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ എന്ന പേരിന്‍റെ ചുരുക്കെഴുത്താണ് എല്‍ഐസി. എസ് ജെ സൂര്യയും കൃതി ഷെട്ടിയും ഈ ചിത്രത്തില്‍ പ്രധാന റോളുകളില്‍ എത്തുന്നുണ്ട്. അശ്വത്ഥ് മാരിമുത്തു സംവിധാനം ചെയ്യുന്ന ഡ്രാഗണ്‍ എന്ന ചിത്രവും പ്രദീപ് കമ്മിറ്റ് ചെയ്തിട്ടുണ്ട്.