തിരുവനന്തപുരം: പ്രതിമാസ ഉല്പാദനത്തിലും വിറ്റുവരവിലും കെപിപിഎല്‍ റെക്കോര്‍ഡ് സൃഷ്ടിച്ചെന്ന് മന്ത്രി പി രാജീവ്. വാണിജ്യ അടിസ്ഥാനത്തില്‍ വിപണനം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിമാസ ഉല്പാദനമായ 5,236 ടണ്‍ ന്യൂസ് പ്രിന്റ് നിര്‍മ്മാണം മെയ് മാസത്തില്‍ കൈവരിച്ചു. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ ന്യൂസ്പ്രിന്റ് വില്പന കൈവരിക്കുവാനും മെയ് മാസത്തില്‍ കെ.പി.പി.എല്ലിന് സാധിച്ചിട്ടുണ്ടെന്ന് പി രാജീവ് പറഞ്ഞു. ഇറുക്കുമതി ചെയ്യുന്ന അന്താരാഷ്ട്ര ന്യൂസ് പ്രിന്റിനോളം നിലവാരമുള്ളതാണ് കെപിപിഎലിന്റെ ഉല്‍പ്പന്നങ്ങളെന്നതിനാല്‍ രാജ്യത്തെ പ്രമുഖ പത്രസ്ഥാപനങ്ങള്‍ സ്ഥാപനത്തിന്റെ കടലാസാണ് ഉപയോഗിക്കുന്നതെന്നും മന്ത്രി അറിയിച്ചു.