തിരുവനന്തപുരം : കോണ്‍ഗ്രസിനെ തകർക്കാൻ ബിജെപിയ്ക്ക് പുറം ചൊറിയുന്നത് സിപിഎം നിർത്തണമെന്ന് രമേശ് ചെന്നിത്തല. കേരള നിയമസഭയില്‍ എംവി ഗോവിന്ദൻ്റെ പ്രസ്താവനക്കുള്ള മറുപടിയിലായിരുന്നു രമേശ് ചെന്നിത്തലയുടെ വിമര്‍ശനം. സിപിഎം തകരണമെന്ന് കോണ്‍ഗ്രസ് ഇന്നും ആഗ്രഹിക്കുന്നില്ല, നാളെയും ആഗ്രഹിക്കില്ല. എന്നാല്‍ കേരളത്തിലെ സിപിഎം ബംഗാളിലെ പാര്‍ട്ടിയുടെ അവസ്ഥയിലേക്ക് നീങ്ങുകയാണ്. കേരളത്തിലെ ജനം പിണറായി വിജയനും അദ്ദേഹം പറയുന്ന രാഷ്ട്രീയത്തിനും പിണറായി വിജയൻ ഭരിക്കുന്ന സര്‍ക്കാരിനും എതിരാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് 18 സീറ്റില്‍ യുഡിഎഫ് ജയിച്ചത് അപരാധം പോലെയാണ് എംവി ഗോവിന്ദൻ പറയുന്നത്.
ജനങ്ങള്‍ വോട്ട് ചെയ്തല്ലേ യുഡിഎഫ് ജയിച്ചത്? അസത്യ പ്രചാരണങ്ങളെ മുഴുവൻ തള്ളിയാണ് ജനം വോട്ടിട്ടത്. സംസ്ഥാന സർക്കാറിന്റെ അധികാര ഗർവ്വിനും ധാർഷ്ട്യത്തിനും എതിരായി കൂടിയായിരുന്നു ജനവിധി. തോല്‍വിക്ക് കാരണം മുഖ്യമന്ത്രിയുടെ ധാർഷ്യമെന്നാണ് സിപിഐ ജില്ലാ കമ്മിറ്റികളുടെ വിമർശനം. പാലിലിട്ട കാഞ്ഞിരക്കുരു പോലെയാണ് പിണറായി വിജയനെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എല്‍ഡിഎഫ് വോട്ട് വൻ തോതില്‍ ബിജെപിക്ക് മറിഞ്ഞെന്ന് ചെന്നിത്തല വിമര്‍ശിച്ചു. കരുവന്നൂർ അടക്കം പ്രശ്നങ്ങളില്‍ കേരളത്തിലെ ബിജെപി നേതൃത്വവുമായി സിപിഎം നീക്കുപോക്കുണ്ടാക്കിയെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം ബിജെപിയെ സിപിഎം എതിർക്കുന്നില്ലെന്നും വിമര്‍ശിച്ചു.