കാനഡയിലെ മലയാളം എഫ് എം റേഡിയോയായ മധുരഗീതം ഇരുപതാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കാനഡയിലെ ആദ്യത്തെ പാൻ കനേഡിയൻ ബ്യൂട്ടിപാജന്റ് സൗന്ദര്യസങ്കല്പങ്ങൾക്ക് പുതിയ മാനം നൽകി. മിസ് ആന്റ് മിസ്സിസ് മലയാളി കാനഡ പാജന്റിൽ, കാനഡയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ 29 മത്സരാർത്ഥികളാണ് വേദിയിലെത്തിയത്. സെലിബ്രിറ്റി ജഡ്ജ് പൂർണിമ ഇന്ദ്രജിത്തിന്റെ സാന്നിധ്യം മത്സരത്തിന് കൂടുതൽ തിളക്കം നൽകി. ഫിലിം പ്രൊഡ്യൂസറും ആക്ടറുമായി ടോം ജോർജ് കോലത്,മിസ്സ് ആൻഡ് മിസ്സിസ് കാനഡയുടെ സിഇഒ യും ഫൗണ്ടറുമായ ആനി മാഞ്ഞൂരാൻ എന്നിവരായിരുന്നു മറ്റ് വിധികർത്താക്കൾ. മിസ് കാറ്റഗറിയിൽ അനീഷ ജോർജ് ടൈറ്റിൽ വിന്നർ ആയപ്പോൾ ഹുനൈന നവാസ് ഫസ്റ്റ് റണ്ണറപ്പും ഗിഫ്റ്റി ഷാജു സെക്കൻഡ് റണ്ണറപ്പും ആയി.
മിസ്സിസ് കാറ്റഗറിയിൽ ജനനി മരിയ ആൻറണി വിജയ കിരീടം ചൂടിയപ്പോൾ, മിലി ഭാസ്കർ ഫസ്റ്റ് റണ്ണറപ് സ്ഥാനവും വീണ ബേബി സെക്കൻഡ് റണ്ണറപ് സ്ഥാനവും കരസ്ഥമാക്കി. കാനഡയിലെ ആദ്യത്തെ പാൻ കനേഡിയൻ പാജന്റിന്റെ വിന്നേഴ്സ് എന്ന നിലയ്ക്ക് ചരിത്രത്തിലേക്ക് നടന്നു കയറിയ വിജയിതാക്കളെ കാണികൾ വലിയ കരഘോഷത്തോടെ അഭിനന്ദിച്ചു. കഴിഞ്ഞ ഇരുപത് വർഷമായി കാനഡയിലെ മലയാളത്തിന്റെ ശബ്ദമായി നിലകൊള്ളാൻ മധുരഗീതത്തെ സഹായിച്ച എല്ലാവർക്കും, മധുരഗീതത്തിന്റെ സിഇഒയും പ്രൊഡ്യൂസറുമായ വിജയ് സേതുമാധവനും ക്രിയേറ്റീവ് ഡയറക്ടർ മൃദുല മേനോനും നന്ദി അറിയിച്ചു.