മഴയില്‍ പോയ വൈദ്യുതി പുനസ്ഥാപിക്കാൻ ഫീല്‍ഡ് ജീവനക്കാര്‍ക്കൊപ്പം മിനിസ്റ്റീരിയല്‍ ജീവനക്കാരും; അഭിനന്ദിച്ച്‌ കെഎസ്‌ഇബി

കോഴിക്കോട് : കനത്ത മഴയും കാറ്റും ഏറ്റവും അധികം നാശം വിതയ്ക്കുന്ന മേഖലകളിലൊന്നാണ് വൈദ്യുതി വിതരണം. മരങ്ങള്‍ കടപുഴകി വൈദ്യുത ലൈൻ പൊട്ടി വീഴുന്നതും പോസ്റ്റുകള്‍ക്ക് കേടുപാട് സംഭവിക്കുന്നതും പതിവാണ്. പേമാരിയില്‍ വൈദ്യുത വിതരണ ശൃംഖലയ്ക്കാകെ നാശം വിതച്ചപ്പോള്‍ ഫീല്‍ഡ് ജീവനക്കാർക്ക് സഹായഹസ്തവുമായി മിനിസ്റ്റീരിയല്‍ ജീവനക്കാരും രംഗത്തിറങ്ങിയതായി കെഎസ്‌ഇബി അറിയിച്ചു. കോഴിക്കോട് കൂമ്പാറ സെക്ഷനിലെ സീനിയർ സൂപ്രണ്ട് (ഇൻ ചാർജ്) അമ്പിളിയും കാഷ്യർ അല്‍ഫോണ്‍സയും കനത്ത മഴ മൂലമുണ്ടായ വൈദ്യുതി തടസ്സം പരിഹരിക്കാൻ ഫീല്‍ഡ് ജീവനക്കാർക്കൊപ്പം ഇറങ്ങിയതിന്‍റെ ചിത്രവും കെഎസ്‌ഇബി ഫേസ് ബുക്കില്‍ പങ്കുവെച്ചു. അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തു.

Advertisements

കെഎസ് ഇബിയുടെ പോസ്റ്റിന് താഴെ അഭിനന്ദിച്ചും വിമർശിച്ചും പ്രതികരണങ്ങള്‍ വന്നു. ഇത് പ്രൊഫണഷലായ കാര്യമല്ല എന്നാണ് ഒരാളുടെ വിമർശനം. അത്യാവശ്യ ഘട്ടത്തില്‍ സഹായഹസ്തവുമായി ഇറങ്ങിയ അവരുടെ സേവന സന്നദ്ധത അനുമോദനാർഹമാണല്ലോ എന്നാണ് കെഎസ്‌ഇബിയുടെ മറുപടി. അവർ ചെയ്യേണ്ട ഓഫീസ് ജോലി അവിടെ മാറ്റിവെച്ചിട്ടല്ലേ സഹായിക്കാൻ പോയതെന്നാണ് മറ്റൊരു വിമർശനം. മഴക്ക് മുമ്ബേ ലൈനുകളിലേക്ക് അപകടകരമായി ചാഞ്ഞു നില്‍ക്കുന്ന മരങ്ങളും മരക്കൊമ്പുകളും ഒക്കെ വെട്ടി മാറ്റാൻ ശുഷ്കാന്തി കാണിച്ചാല്‍ മഴയും കാറ്റും ഉണ്ടാവുമ്പോള്‍ ഇത്രയും നഷ്ടം വരില്ലെന്നാണ് മറ്റൊരു നിർദേശം. മാതൃകയാക്കേണ്ട ഇടപെടല്‍, അഭിനന്ദനാർഹം, നല്ല കാര്യം എന്നിങ്ങനെ പ്രശംസിച്ചുകൊണ്ടുള്ള കമന്‍റുകളും പോസ്റ്റിന് താഴെയുണ്ട്.

Hot Topics

Related Articles