എസ്.പി. പിള്ള 39ാമത് ചരമവാര്‍ഷിക അനുസ്മരണം;ജൂൺ 12ന് ഏറ്റുമാനൂരിൽ 

കോട്ടയം : മലയാള സിനിമയില്‍ ഏറ്റുമാനൂരിന്റെ കൈയൊപ്പ് ചാര്‍ത്തിയ എസ്.പി. പിള്ളയുടെ 39ാമത് ചരമവാര്‍ഷിക അനുസ്മരണം ഈമാസം 12ന് ഏറ്റുമാനൂരില്‍ മന്ത്രി വി. എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. സിനിമയില്‍ മാത്രമല്ല നാടിന്റെ സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലും സജീവസാന്നിധ്യമായിരുന്ന എസ്.പി. പിള്ളയുടെ അനുസ്മരണത്തോട് അനുബന്ധിച്ച് വിദ്യാഭ്യാസ പുരസ്‌കാര വിതരണവും സംഘടിപ്പിച്ചിട്ടുണ്ട്. എസ്പി പിള്ള സ്മാരക ട്രസ്റ്റാണ് സംഘാടകര്‍.

Advertisements

അഞ്ഞൂറോളം നാടകങ്ങളിലും മുന്നൂറോളം സിനിമകളിലും വേഷമിട്ട് ഏറ്റുമാനൂരിന്റെ അഭിമാനമായി മാറിയ താരമായിരുന്നു എസ് പങ്കജാക്ഷന്‍ പിള്ളയെന്ന എസ്.പി. പിള്ള. 1913 ഒക്ടൊബര്‍ 12ന് ഏറ്റുമാനൂരില്‍ ജനിച്ച എസ്പി പിള്ള 1940ല്‍ ജ്ഞാനാംബിക എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലേക്ക് കടന്നുവരുന്നത്. അതിന് മുമ്പ് ഒരു സിനിമയില്‍ വേഷം ചെയ്‌തെങ്കിലും ആ ചിത്രം റിലീസായില്ല. 1950ല്‍ പുറത്തിറങ്ങിയ നല്ല തങ്ക എന്ന ചിത്രത്തിലൂടെയാണ് എസ്പി പിള്ള ശ്രദ്ധേയനാകുന്നത്. പിന്നീട് അങ്ങോട്ട് നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. 1965ല്‍ ചെമ്മീന്‍ എന്ന സിനിമയിലെ അച്ചന്‍കുഞ്ഞ് എന്ന കഥാപാത്രം എസ്പി പിള്ളയുടെ ജീവിതത്തിലെ ഏറ്റവും തിളക്കമാര്‍ന്ന വേഷങ്ങളിലൊന്നാണ്. സിനിമയില്‍ സജീവമായി നില്‍ക്കുമ്പോള്‍ ഏറ്റുമാനൂരിന്റെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്ന എസ്പി പിള്ളയാണ് ഏറ്റുമാനൂര്‍ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ രൂപീകരണത്തിന് കാരണഭൂതനായത്. 1985ല്‍ 71ാം വയസ്സിലാണ് മലയാളത്തിന്റെ പ്രിയനടന്‍ എസ്പി പിള്ള ലോകത്തോട് വിടപറയുന്നത്. അദ്ദേഹത്തിന്റെ 39ാം ചരമ വാര്‍ഷികത്തോട് അനുബന്ധിച്ച് എസ്പി പിള്ള സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഈമാസം 12ന് ഉച്ചകഴിഞ്ഞ് 3.30ന് ഏറ്റുമാനൂര്‍ നന്ദാവനം ഓഡിറ്റോറിയത്തിലെ ഏറ്റുമാനൂര്‍ ശിവപ്രസാദ് നഗറില്‍ നടക്കുന്ന എസ്പി പിള്ള സ്മൃതിദിനം മന്ത്രി വി. എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചലച്ചിത്ര നടനും അവതാരകനുമായ ജയരാജ് വാര്യര്‍ എസ്പി പിള്ള അനുസ്മരണ പ്രഭാഷണവും സാഹിത്യകാരന്‍ ബാബു കുഴിമറ്റം മുഖ്യപ്രഭാഷണവും നടത്തും.  ട്രസ്റ്റ് പ്രസിഡന്റ് ഗണേഷ് ഏറ്റുമാനൂര്‍ അധ്യക്ഷത വഹിക്കും. സംഘാടക സമിതി ഭാരവാഹകളായ ബി രാജീവ്, ഹരിയേറ്റുമാനൂര്‍, സതീഷ് ചന്ദ്രന്‍, ജി ജഗതീഷ്, ഏറ്റുമാനൂര്‍ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി പ്രസിഡന്റ് എന്‍. അരവിന്ദാക്ഷന്‍ നായര്‍, തുടങ്ങിയവര്‍ പ്രസംഗിക്കും.

Hot Topics

Related Articles