ഏറ്റുമാനൂർ നീണ്ടൂർ റോഡിൽ ഐടിഐയ്ക്ക് സമീപത്തെ വെള്ളക്കെട്ട് അപകട കെണിയാകുന്നു ; ജനപ്രതിനിധികളെ സമീപിച്ചെങ്കിലും നടപടി ഒന്നും ഉണ്ടാകുന്നില്ലെന്ന് ആരോപണം

കോട്ടയം : ഏറ്റുമാനൂർ നീണ്ടൂർ റോഡിൽ ഐടിഐയ്ക്ക് സമീപത്തെ വെള്ളക്കെട്ട് അപകട കെണിയായി മാറുന്നു. റോഡിന് ഇരുവശവും ഓടകൾ ഇല്ലാത്തതാണ് വെള്ളക്കട്ടിനു കാരണം. ഇതുമൂലം കാൽനട യാത്രക്കാരും ഇരുചക്ര വാഹന യാത്രികരും ഈ ഭാഗത്തെ വ്യാപാരികളും നേരിടുന്ന ബുദ്ധിമുട്ട് ചെറുതല്ല. ഒറ്റ മഴ പെയ്താൽ ഇവിടെ വലിയ വെള്ളക്കെട്ടാണ് ഉണ്ടാകുന്നത്. പിന്നെ ഇരുവശത്തേക്കുമുള്ള വാഹന യാത്ര ഏറെ ദുഷ്കരമാണ്. കാൽനട യാത്രക്കാരുടെ സ്ഥിതി പറയുകയും വേണ്ട. മുട്ടൊപ്പം വെള്ളത്തിൽ നീന്തേണ്ട അവസ്ഥയാണ്. ഏറ്റുമാനൂർ നീണ്ടൂർ റോഡിന്റെ ഭാഗമായ ഇതുവഴി ദിവസേന കടന്നു പോകുന്നത് അസംഖ്യം വാഹനങ്ങളാണ്. നീണ്ടൂർ, അതിരമ്പുഴ, കോട്ടമുറി ഭാഗങ്ങളിൽ നിന്നുവരുന്ന വാഹനങ്ങൾ ഇവിടെ വലിയ വളവ് തിരിഞ്ഞു വരുമ്പോഴാണ് വെള്ളക്കെട്ട് ശ്രദ്ധയിൽപ്പെടുക. ഇത് പലപ്പോഴും അപകടങ്ങൾക്കും വഴി വയ്ക്കാറുണ്ട്. 

Advertisements

പ്രദേശത്തെ വ്യാപാരികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടും ചില്ലറയല്ല. വലിയ വാഹനങ്ങൾ വെള്ളക്കെട്ട് കാര്യമാക്കാതെ അതിവേഗം കടന്നു പോകുമ്പോൾ ചെളിവെള്ളം കടകളിലേക്ക് തെറിക്കുന്നതുംനിത്യ സംഭവമാണ്. പലപ്പോഴും കാൽനടയാത്രക്കാരും വാഹന യാത്രക്കാരും തമ്മിൽ വാക്ക് തർക്കവും കയ്യാങ്കളിയും വരെ ഉണ്ടാവാറുണ്ടെന്നും പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞ ആഴ്ച ഉണ്ടായ കനത്ത മഴയിൽ ഇവിടെ  ഒന്നരയടിയിൽ അധികം ഉയരത്തിൽ വെള്ളം കെട്ടിനിന്ന് സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും ചെളിവെള്ളം കയറിയിരുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏറ്റുമാനൂർ നീണ്ടൂർ റോഡ് ആധുനിക നിലവാരത്തിൽ ടാർ ചെയ്യുന്നതിന് മുന്നോടിയായി ഇവിടെ കുറെ ഭാഗം മണ്ണിട്ട് ഉയർത്തിയിരുന്നു. ഇതേ തുടർന്നാണ് ഇവിടെ വെള്ളക്കെട്ട് രൂക്ഷമായത്. ആധുനിക നിലവാരത്തിൽ റോഡ് നവീകരിച്ചെങ്കിലും റോഡിന് ഇരുവശവും ഓട നിർമ്മിക്കപ്പെട്ടില്ല. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് 3, 7 വാർഡുകൾക്കിടയിലുള്ള ഭാഗമാണ് ഇവിടം. റോഡിലെ വെള്ളക്കെട്ട് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ ജനപ്രതിനിധികളെ സമീപിച്ചെങ്കിലും നടപടി ഒന്നും ഉണ്ടാകില്ലെന്ന് പ്രദേശവാസികൾ പറയുന്നു.

Hot Topics

Related Articles