കുവൈറ്റിലെ അപകടം; കെട്ടിടങ്ങൾ അപകടാവസ്ഥയിൽ: മുന്നറിയിപ്പുമായി അഗ്നിശമന വിഭാഗം

കുവൈത്ത് സിറ്റി : കുവൈത്തിൽ പ്രവാസി താമസ പ്രദേശങ്ങളായ ജിലീബ് അൽ ശുയൂഖ്, മംഗഫ്, മഹബുല, ഫർവാനിയ ഹവല്ലി, സാൽമിയ, ഖൈത്താൻ, എന്നിവിടങ്ങളിലെ ഭൂരിഭാഗം കെട്ടിടങ്ങളും അനധികൃത പ്രവർത്തനങ്ങൾ മൂലം ഏറെ അപകടങ്ങൾ പതിയിരിക്കുന്നവയാണെന്ന് അഗ്നി ശമന വിഭാഗം മുന്നറിയിപ്പ് നൽകുന്നു. ഈ പ്രദേശങ്ങളിലെ ഭൂരിഭാഗം കെട്ടിടങ്ങളിലെയും ഭൂഗർഭ അറകൾ മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ തീപിടുത്തത്തിന് കാരണമാകുന്ന വിവിധ സാമഗ്രികളുടെ സംഭരണ ശാലകളാക്കി മാറ്റിയതാണ് ഇതിനു പ്രധാന കാരണമായി ചൂണ്ടി കാട്ടപ്പെടുന്നത്. പതിനായിരക്കണക്കിന് മലയാളികൾ താമസിക്കുന്ന ജിലീബ് പ്രദേശത്തെ ഭൂരി ഭാഗം കെട്ടിടങ്ങളുടെയും ഭൂർഗർഭ അറകകൾ, തീ പടരാൻ ഉയർന്ന സാധ്യതയുള്ള സോഫകൾ ഉൾപ്പെടെയുള്ള ഫർണിച്ചർ സാമഗ്രികളുടെ സംഭരണ ശാലകളായാണ് ഉപയോഗിക്കപ്പെടുന്നത്.കെട്ടിട കാവൽക്കാരന്റെ ഒത്താശയോടെയാണ് ഇത്തരം അനധികൃത പ്രവർത്തനങ്ങൾ നടക്കുന്നത്. മാത്രവുമല്ല മിക്ക കെട്ടിടങ്ങളുടെയും കാവൽക്കാർ അനധികൃതമായി പാചക വാതക കച്ചവടം നടത്തുന്നവരാണെന്നതിനാൽ തന്നെ സിലിണ്ടറുകളുടെ സൂക്ഷിപ്പ് കെട്ടിടത്തിന്റെ പരിസരങ്ങളിലോ അല്ലെങ്കിൽ ഭൂഗർഭ അറയിലോ ആകുന്നതാണ് പതിവ്. ഇതും കെട്ടിട നിവാസികളുടെ ജീവന് ഭീഷണി ഉയർത്തുന്ന ഒന്നാണ്.

Advertisements

കാവൽക്കാരന്റെ ഒത്താശയോടെ റൂമുകൾ വിഭജിച്ചു നൽകി കൂടുതൽ പേരെ താമസിപ്പിക്കുന്നതും ഏറെ അപകടകരമാണ്. മുറികൾ വിഭജിക്കുവാൻ ഉപയോഗിക്കുന്ന സാമഗ്രികൾ തീപിടുത്തത്തിന് ഏറെ സാധ്യതയുള്ളവയാണെന്നാണ് വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നത്. അടിയന്തിര ഘട്ടങ്ങളിൽ പുറത്തേക്ക് രക്ഷപെടാനായി കെട്ടിടത്തിൽ സ്ഥാപിച്ചിരിക്കുന്ന കോണിപ്പടികളിലും വഴികളിലും സാധനങ്ങൾ സൂക്ഷിക്കുന്നതും ഈ വഴികൾ അടച്ചു പൂട്ടുന്നതും അപകടകരമാണ്. ഇത്തരം അനധികൃത പ്രവർത്തനങ്ങൾ നടത്തുന്ന കെട്ടിടത്തിലെ താമസക്കാർ കാവൽക്കാരനെ സമീപിച്ചു പ്രശ്നങ്ങൾ അവതരിപ്പിച്ചു പരിഹാരം കാണാൻ ബാധ്യസ്ഥരാണ്. പ്രശ്നം പരിഹരിക്കാൻ ഇയാൾ തയ്യാറല്ലെങ്കിൽ അധികൃതരെ പരാതി അറിയിക്കണം. നേരത്തെതിൽ നിന്നും വ്യത്യസ്തമായി പരിശോധന സംഘം നിലവിൽ കൂടുതൽ ഗൗരവമായാണ്‌ ഇത്തരം പരാതികൾ കൈകാര്യം ചെയ്യുന്നത്. ഈ വിഷയത്തിൽ വിവിധ പ്രവാസി സംഘടനാ നേതാക്കളുടെ നേതൃത്വത്തിൽ അടിയന്തിര പ്രാധാന്യത്തോടെ സമഗ്രമായ പദ്ധതി തയ്യാറാക്കണം എന്നും പ്രവാസികളിൽ നിന്നും ആവശ്യം ഉയരുന്നുണ്ട്. നിലവിലെ സാഹചര്യങ്ങൾ ഇതിനുള്ള ഏറ്റവും നല്ല അവസരമാണെന്നാണ് പൊതുവെ അഭിപ്രായം ഉയരുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.