ഉദയനാപുരം പഞ്ചായത്തിലെ ചെട്ടിമംഗലം, തലയാഴം പഞ്ചായത്തിലെ ചെട്ടിക്കരി ഭാഗങ്ങളെ ബന്ധിപ്പിച്ചു കരിയാറിനു കുറുകെ വലിച്ച വൈദ്യുത ലൈൻ താഴ്ന്നു കിടക്കുന്നത് അപകടഭീതി പരത്തുന്നു. ചെട്ടിമംഗലം ഭാഗത്ത് കരിയാറിൻ്റെ തീരത്ത് വൈദ്യുതലൈൻ മരങ്ങളുടേയും വള്ളിപ്പടർപ്പുക്കുമിടയിലൂടെയാണ് ഇത് കടന്നുപോകുന്നത്. കരിയാറിനു കുറുകെ താഴ്ന്നു കിടക്കുന്ന വൈദ്യൂത ലൈനിൽ തട്ടാതെ തലനാരിഴയ്ക്കാണ് വിനോദ സഞ്ചാരികളുമായി വരുന്ന ടൂർ ഓപ്പറേറ്റർമാരും വള്ളങ്ങളിൽ എത്തുന്ന മത്സ്യ തൊഴിലാളികളും പുല്ലുചെത്തുതൊഴിലാളികളുമൊക്കെ രക്ഷപ്പെടുന്നത്. മഴക്കാലമായതോടെ അപകടസാധ്യതയേറിയെന്ന് നാട്ടുകാർ ആരോപിക്കുന്നു.
തലയാഴം – ടിവി പുരം പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കരിയാറിനു കുറുകെ ചെമ്മനത്തുകര ഭാഗത്ത് 11 കെവി ലൈൻ താഴ്ന്നു കിടക്കുകയാണ്. പോസ്റ്റ് ഒടിഞ്ഞതിനാൽ ഈ ലൈനിലൂടെ ഇപ്പോൾ വൈദ്യുതി പ്രവഹിക്കുന്നില്ല. വള്ളങ്ങളിൽ എത്തുന്നവരുടെ കഴുക്കോൽ മുകളിലേയ്ക്കുയർത്തിയാൽ വൈദ്യുത ലൈനിൽ തട്ടുന്ന നിലയിലാണ്. ചെട്ടി മംഗലത്ത്താഴ്ന്നു കിടക്കുന്ന വൈദ്യുത ലൈനിൽ തട്ടി നിൽക്കുന്ന വൃക്ഷത്തലപ്പുകളും പടർപ്പുകളും വെട്ടി നീക്കുന്നതിനും കരിയാറിനു കുറുകെയുള്ള താഴ്ന്നു കിടക്കുന്ന വൈദ്യുത ലൈൻ ഉയർത്തി സ്ഥാപിക്കുന്നതിനും അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.