ന്യൂസ് ഡെസ്ക് : ലോകകപ്പിലെ ഗ്രൂപ്പ് സിയില്‍ ന്യൂസിലാന്‍ഡിനെതിരായ വെസ്റ്റ് ഇന്‍ഡീസിന്റെ തകര്‍പ്പന്‍ വിജയം കാരണം കോളടിച്ചിരിക്കുന്നത് ഇന്ത്യന്‍ ടീമിനാണ്.ട്രിനിഡാഡില്‍ നടന്ന ആവേശകരമായ മല്‍സരത്തില്‍ കിവികളെ 13 റണ്‍സിനാണ് വിന്‍ഡീസ് കെട്ടുകെട്ടിച്ചത്. ഹാട്രിക്ക് വിജയത്തോടെ വിന്‍ഡീസ് സൂപ്പര്‍ എട്ടിലേക്കു കുതിച്ചപ്പോള്‍ ന്യൂസിലാന്‍ഡ് പുറത്താവലിന്റെ വക്കിലുമാണ്. ആദ്യ മല്‍സരത്തില്‍ അഫ്ഗാനിസ്താനോടും അവര്‍ തോല്‍വി രുചിച്ചിരുന്നു.പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തു നില്‍ക്കുന്ന കിവികള്‍ ഇനി സൂപ്പര്‍ എട്ടിലെത്താനുള്ള സാധ്യത തീരെ കുറവാണ്. അടുത്ത രണ്ടു മല്‍സരങ്ങളില്‍ ജയിച്ചാലും അവര്‍ക്കു സൂപ്പര്‍ എട്ടില്‍ സ്ഥാനമുറപ്പില്ല. കാരണം ഇനിയുള്ള രണ്ടു കളിയില്‍ ഏതെങ്കിലുമൊന്നില്‍ ജയിച്ചാല്‍ അഫ്ഗാന് സൂപ്പര്‍ എട്ടില്‍ കടക്കാം. അതോടെ ന്യൂസിലാന്‍ഡ് പുറത്താവുകയും ചെയ്യും.
ഈ ഗ്രൂപ്പിലെ ഒന്നാംസ്ഥാനക്കാരാണ് സൂപ്പര്‍ എട്ടില്‍ ഇന്ത്യയുടെ ഗ്രൂപ്പിലേക്കു വരാനിരിക്കുന്ന ടീം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ന്യൂസിലാന്‍ഡ് ഗ്രൂപ്പ് ചാംപ്യന്‍മാരാവുമെന്നായിരുന്നു നേരത്തേ പ്രവചിക്കപ്പെട്ടിരുന്നത്. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ സൂപ്പര്‍ എട്ടില്‍ ഇന്ത്യക്കൊപ്പം കിവികളുമുണ്ടാവുമായിരുന്നു. ഇന്ത്യയെ സംബന്ധിച്ച് അതു തീര്‍ച്ചയായും ആശങ്കയുണ്ടാക്കുന്ന കാര്യം തന്നെയാണ്. ന്യൂസിലാന്‍ഡിനെതിരേയുള്ള ഇന്ത്യയുടെ ദയനീയ റെക്കോര്‍ഡാണ് ഇതിനു കാരണം.2007ലെ പ്രഥമ ടി20 ലോകകപ്പ് മുതല്‍ തന്നെ ഇന്ത്യയെ ഉറക്കം കെടുത്തിയിട്ടുള്ള എതിരാളികളാണ് കിവീസ്. ടൂര്‍ണമെന്റില്‍ ഇന്ത്യക്കു ഇത്രത്തോളം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള മറ്റൊരു ടീം ഇല്ലെന്നു തന്നെ പറയേണ്ടതായി വരും. ടി20 ലോകകപ്പിന്റെ ഇതുവരെയുള്ള ചരിത്രമെടുത്താല്‍ ഇതുവരെ ന്യസിലാന്‍ഡിനെ തോല്‍പ്പിക്കാന്‍ ഇന്ത്യക്കു കഴിഞ്ഞിട്ടില്ലെന്നതാണ് ഞെട്ടിക്കുന്ന കാര്യം. മറ്റൊരു ടീമിനും ഇന്ത്യക്കെതിരേ ഇങ്ങനെയൊരു റെക്കോര്‍ഡില്ല.
അതുകൊണ്ടു തന്നെ ഈ ലോകകപ്പില്‍ ഇന്ത്യ ഏറ്റവും ഭയപ്പെട്ട എതിരാളികളും കിവീസായിരുന്നു. എന്നാല്‍ അഫ്ഗാനിസ്താനു പിന്നാലെ വെസ്റ്റ് ഇന്‍ഡീസും കിവികളുടെ ചിറകരിഞ്ഞതോടെ ഇന്ത്യയുടെ ആശങ്കകള്‍ നീങ്ങിയിരിക്കുകയാണ്. സെമി ഫൈനലില്‍ കടക്കുകയെന്ന ഇന്ത്യയുടെ പ്രതീക്ഷകളും ഇതു വര്‍ധിപ്പിച്ചിട്ടുണ്ട്.
ന്യൂസിലാന്‍ഡിനു പകരം വെസ്റ്റ് ഇന്‍ഡീസ്, അഫ്ഗാനിസ്താന്‍ എന്നിവരിലൊരു ടീമായിരിക്കും സൂപ്പര്‍ എട്ടില്‍ ഇന്ത്യക്കൊപ്പമുണ്ടാവുക. ഈ രണ്ടു ടീമുകളും ഇന്ത്യക്കു വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയില്ല. സൂപ്പര്‍ എട്ടിലെ ഇന്ത്യയുടെ ഒരു എതിരാളികള്‍ മുന്‍ ചാംപ്യന്‍മാരായ ഓസ്‌ട്രേിയയാണെന്നു ഉറപ്പായിട്ടുണ്ട്.
നിലവിലെ പോയിന്റ് നില പ്രകാരം വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ് എന്നിവരായിരിക്കും മറ്റു രണ്ടു ടീമുകള്‍. ന്യൂസിലാന്‍ഡിനോളം ഈ ടീമുകളെ ഇന്ത്യക്കു ഭയം കാണില്ല.
ഓസീസിനെയാണ് ഗ്രൂപ്പില്‍ ഇന്ത്യ സൂക്ഷിക്കേണ്ടത്. ഓസീസിനോടു തോറ്റാലും ബാക്കിയുള്ള രണ്ടു മല്‍സരങ്ങളിലും മികച്ച വിജയം കൊയ്യാനായാല്‍ ഇന്ത്യക്കു സെമി ഫൈനലിലേക്കു മുന്നേറാം.
അതേസമയം, ന്യൂസിലാന്‍ഡിനെതിരേ വന്‍ തകര്‍ച്ചയുടെ വക്കില്‍ നിന്നാണ് അദ്ഭുതകരമായ തിരിച്ചുവരവ് നടത്തി വിന്‍ഡീസ് വിജക്കൊടി പാറിച്ചത്. ട്രിനിഡാഡില്‍ നടന്ന മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ഒരു സമയത്തു ഏഴു വിക്കറ്റിനു 76 റണ്‍സെന്ന നിലയിലായിരുന്നു. കിവീസ് വിജയമുറപ്പിച്ചെന്നു കരുതിയ നിമിഷമായിരുന്നു അത്.
പക്ഷെ ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡിന്റെ (68*) വണ്‍മാന്‍ഷോ ന്യൂസിലാന്‍ഡിനെ സ്തബ്ധരാക്കി. 100 റണ്‍സ് പോലും തികയ്ക്കില്ലെന്നു കരുതപ്പെട്ട വിന്‍ഡീസ് ഒമ്ബതു വിക്കറ്റിനു 149 റണ്‍സെന്ന മികച്ച ടോട്ടലിലേക്കുയര്‍ന്നു. മറുപടിയില്‍ മുന്‍നിര ബാറ്റിങ് തകര്‍ന്നതോടെ കിവകള്‍ക്കു പിഴച്ചു. ഒമ്ബതു വിക്കറ്റിനു 136 റണ്‍സെടുത്ത് അവര്‍ മല്‍സരം അടിയറവയ്ക്കുകയായിരുന്നു.