ഫ്ളോറിഡ: ട്വന്റി 20 ലോകപ്പിലെ സൂപ്പര്‍ എയ്റ്റ് പോരാട്ടങ്ങള്‍ക്ക് മുന്നോടിയായി ടീം ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ താരം പീയുഷ് ചൗള. സൂപ്പര്‍ എയ്റ്റില്‍ ഓസ്ട്രേലിയയെയും അഫ്ഗാനിസ്ഥാനെയുമാണ് ഇന്ത്യ സൂക്ഷിക്കേണ്ടതെന്നാണ് പീയുഷ് ചൗളയുടെ അഭിപ്രായം. ‘ഐസിസി ഇവന്റുകളില്‍ ഓസ്ട്രേലിയ എപ്പോഴും അപകടകാരികളാണ്. ഏത് ടീമിനെയും പരാജയപ്പെടുത്താന്‍ അവര്‍ക്ക് കഴിയും. ഈ ടൂര്‍ണമെന്റില്‍ അവരുടെ പ്രകടനം ഇതിനോടകം തന്നെ നമ്മള് കണ്ടതാണ്. അഫ്ഗാനിസ്താനും മികച്ച സ്ക്വാഡുണ്ട്. വിന്‍ഡീസിലെ പിച്ചുകളില്‍ അഫ്ഗാന് ബൗളര്‍മാര്‍ ആസ്വദിച്ചാണ് പന്തെറിയുന്നത്’, സ്റ്റാര്‍ സ്പോര്‍ട്സിന് നല്കിയ അഭിമുഖത്തില്‍ ചൗള പറഞ്ഞു.
ജൂണ്‍ 19ന് തുടക്കമാവുന്ന സൂപ്പര്‍ 8 പോരാട്ടങ്ങള്‍ക്ക് ഇതുവരെ ഏഴ് ടീമുകളാണ് ടിക്കറ്റെടുത്തിട്ടുള്ളത്. ഇന്ത്യ (ഗ്രൂപ്പ് എ), ഓസ്ട്രേലിയ (ഗ്രൂപ്പ് ബി), ഇംഗ്ലണ്ട് (ഗ്രൂപ്പ് എ), അഫ്ഗാനിസ്ഥാന് (ഗ്രൂപ്പ് സി), വെസ്റ്റ് ഇന്‍ഡീസ് (ഗ്രൂപ്പ് സി), ദക്ഷിണാഫ്രിക്ക (ഗ്രൂപ്പ് ഡി) എന്നിവരാണ് യോഗ്യത നേടിയ ടീമുകള്‍.സൂപ്പര്‍ എയ്റ്റിലെത്തുന്ന അന്തിമ ടീമിനെ ഇന്ന് നടക്കാനിരിക്കുന്ന ബംഗ്ലാദേശ്-നേപ്പാള്‍ മത്സരത്തിനും ശ്രീലങ്ക- നെതര്‍ലന്‍ഡ്സ് മത്സരത്തിനും ശേഷം തീരുമാനിക്കും. ബംഗ്ലാദേശും നെതര്‍ലന്‍ഡ്സുമാണ് അവസാന സ്ഥാനത്തിനായി മത്സരിക്കുന്നത്. ബംഗ്ലാദേശ് ടീമിനെക്കുറിച്ചും ചൗള പ്രതികരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘ബംഗ്ലാദേശ് മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. എന്നാല്‍ അത്ര മത്സരബുദ്ധിയോടെയല്ല ബംഗ്ലാദേശ് കളിക്കുന്നതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. കരുത്തരായ ടീമായി മാറുന്നതില്‍ അവര്‍ ഏറെ പിറകിലാണ്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.