ഫ്ലോറിഡ: ടി20 ലോകകപ്പില്‍ മഴയെത്തുടർന്ന് ഏതാനും മത്സരങ്ങള്‍ ഉപേക്ഷിച്ചതില്‍ രൂക്ഷ പ്രതികരണവുമായി മുൻ താരം സുനില്‍ ഗാവസ്കർ.ഗ്രൗണ്ട് മുഴുവൻ മറയ്ക്കാൻ കവറുകള്‍ ഇല്ലെങ്കില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കരുതെന്ന് ഐ.സി.സി.യോട് അപേക്ഷിക്കുന്നുവെന്ന് ഗാവസ്കർ പറഞ്ഞു. പിച്ചിന്റെ ഭാഗം മാത്രം മറച്ചതുകൊണ്ട് കാര്യമില്ലെന്നും മറ്റു ഭാഗങ്ങള്‍ നനയുമെന്നും അദ്ദേഹം പറഞ്ഞു. ഫ്ളോറിഡയില്‍ മഴമൂലം മൂന്ന് മത്സരങ്ങള്‍ ഉപേക്ഷിച്ചിരുന്നു.ഗ്രൗണ്ട് മുഴുവൻ മൂടാൻ കവറില്ലാത്തയിടങ്ങളില്‍ മത്സരം സംഘടിപ്പിക്കരുതെന്ന് ഐ.സി.സി.യോട് അപേക്ഷിക്കുകയാണ്. പിച്ച് മാത്രം മൂടിയാല്‍ മറ്റു ഭാഗങ്ങളില്‍ നനവ് വരും. മികച്ച മത്സരം കാണാൻ വരുന്നവർക്ക് അതിനുള്ള അവസരം നിഷേധിക്കപ്പെടുന്നു. ഇങ്ങനെയുണ്ടാവരുത്’, ഗാവസ്കർ പറഞ്ഞു.
പണമുണ്ടായിട്ടും ഗ്രൗണ്ട് നനഞ്ഞത് കാരണം മത്സരം റദ്ദാക്കുന്നതിനെ വിമർശിച്ച് മൈക്കിള്‍ വോണും രംഗത്തെത്തി. ശനിയാഴ്ച ഇന്ത്യ-നേപ്പാള്‍, ചൊവ്വാഴ്ച ശ്രീലങ്ക-നേപ്പാള്‍, വെള്ളിയാഴ്ച യു.എസ്.എ.-അയർലൻഡ് ടീമുകളുടെ മത്സരങ്ങളാണ് മഴമൂലം ഉപേക്ഷിക്കേണ്ടിവന്നത്. ഒരു ടീമിന് ആകെ നാല് മത്സരങ്ങളുള്ള ഗ്രൂപ്പ് ഘട്ടത്തില്‍ നേപ്പാളിന് രണ്ട് മത്സരങ്ങള്‍ മഴമൂലം നഷ്ടപ്പെട്ടു. ടൂർണമെന്റില്‍ ദക്ഷിണാഫ്രിക്കയെ വരെ ഞെട്ടിച്ച ടീമിന്റെ സൂപ്പർ എട്ട് പ്രതീക്ഷകളെ തല്ലിക്കെടുത്തിയത് മഴയാണ്.