തൃശൂർ : ടിഎന്‍ പ്രതാപനെതിരെ തൃശൂരില്‍ വീണ്ടും പോസ്റ്റർ. ഡിസിസി ഓഫീസ് മതിലിലും പ്രസ്ക്ലബ് പരിസരത്തുമാണ് പോസ്റ്റർ. പ്രതാപനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ആവശ്യം. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ കെ സി ജോസഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷൻ സിറ്റിങ് നടത്താനിരിക്കെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം ഡിസിസി അധ്യക്ഷനായി ചുമതലയേറ്റ വികെ ശ്രീകണ്ഠൻ പോസ്റ്റർ യുദ്ധവും വിഴുപ്പലക്കലും വിലക്കിയിരുന്നു. തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ടി എൻ പ്രതാപൻ ഗള്‍ഫ് ടൂർ നടത്തി ബിനാമി കച്ചവടങ്ങള്‍ നടത്തിയെന്നാണ് ആരോപണം. സേവ് കോണ്‍ഗ്രസ് ഫോറത്തിന്റെ പേരിലാണ് പോസ്റ്റർ.ടി എൻ പ്രതാപൻ സംഘപരിവാർ ഏജന്റാണെന്നും ആരോപണം ഉണ്ട്.
തൃശൂരിലെ തെരഞ്ഞെടുപ്പ് തോല്‍വി പഠിക്കാനുള്ള കെ.സി. ജോസഫ് ഉപസമിതി ഇന്ന് തൃശൂരെത്തും രാവിലെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച ചെയ്യും. ഉച്ചതിരിഞ്ഞ് ഭാരവാഹികളുടെ പരാതി കേള്‍ക്കും. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പരസ്പരം ചെളിവാരിയെറിഞ്ഞുള്ള നേതാക്കളുടെയും അണികളുടെയും പരസ്യ പ്രതികരണങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ നിന്ന് നീക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പരസ്യ പ്രതികരണങ്ങള്‍ക്കും ഡിസിസി മതിലില്‍ പോസ്റ്ററ് ഒട്ടിക്കുന്നതിനും വിലക്കുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ക്ക് ഒ അബ്ദുറഹ്മാനും അനില്‍ അക്കരയും ഉള്‍പ്പെടുന്ന സമിതിയെ ചുമതലപ്പെടുത്തിയതായും ഡിസിസി പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന വി.കെ. ശ്രീകണ്ഠന് അറിയിച്ചു.