കോഴിക്കോട്: താമരശ്ശേരിയിലെ ആഭരണ നിര്‍മാണ കടയുടെ പൂട്ട് തകര്‍ത്ത് അരക്കിലോ വെള്ളിയുമായി കടന്നുകളഞ്ഞ മോഷ്ടാവിനെ പൊലീസ് പിടികൂടി. ബാലുശ്ശേരി അവിടനല്ലൂര്‍ തന്നിക്കോട്ട് മീത്തല്‍ സതീശനെ (37) ആണ് താമരശ്ശേരി പൊലീസ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ ചുങ്കത്ത് വെച്ച് പിടികൂടിയത്.
ജൂണ്‍ അഞ്ചിനായിരുന്നു മോഷണം നടന്നത്.
പൂട്ട് തകര്‍ത്ത് അകത്തു കടന്ന സതീശന് ലോക്കര്‍ തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് വെള്ളി ആഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു. പൊലീസ് സി സി ടി വി പരിശോധിച്ചപ്പോള്‍ തന്നെ മോഷ്ടാവിനെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചിരുന്നു. തുടർന്ന് ദിവസങ്ങള്‍ നീണ്ട തെരച്ചിലിന് ഒടുവിലാണ് സതീശനെ പിടികൂടാനായത്. ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ട ഇയാളുടെ പേരില്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.