ബംഗളൂരു: രേണുക സ്വാമി കൊലക്കേസില്‍ പ്രതിയായ കന്നഡ സൂപ്പർ താരം ദർശൻ തൂഗുദീപയുടെ ഭാര്യ വിജയലക്ഷ്മിയെ ചോദ്യം ചെയ്ത് പൊലീസ്. രേണുകാസ്വാമിയെ കൊലപ്പെടുത്തിയ ഷെഡിലേക്ക് പോകുമ്പോള്‍ ദർശൻ ധരിച്ച ഷൂ വിജയലക്ഷ്മിയുടെ ഫ്ലാറ്റില്‍ നിന്ന് കണ്ടെടുത്തു. ഇതിനെ തുടർന്നാണ് ഭാര്യയെ ചോദ്യം ചെയ്യാനുള്ള തീരുമാനം. ഇത് രണ്ടും കേസിലെ നിർണായകമായ തെളിവുകളെന്ന് പൊലീസ് വ്യക്തമാക്കി. രേണുകാസ്വാമിയെ ക്രൂരമായ മർദ്ദനത്തിനിരയാക്കിയ ശേഷം ദർശൻ പോയത് ഹൊസകെരെഹള്ളിയിലെ വിജയലക്ഷ്മിയുടെ ഫ്ലാറ്റിലേക്കാണ്. പുലർച്ചെ ഫ്ലാറ്റില്‍ ഒരു പൂജ നടത്താൻ തീരുമാനിച്ചിരുന്നതിനാല്‍ അതില്‍ പങ്കെടുത്ത ശേഷമാണ് ദർശൻ മൈസുരുവിലേക്ക് പോയത്.
അവിടെ വച്ചാണ് ജൂണ്‍ 11-ന് ദർശനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഇന്നലെ വൈകിട്ട് അന്വേഷണസംഘം വിജയലക്ഷ്മിയെ അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ദർശന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികതയുണ്ടായിരുന്നോ, സംഭവത്തെക്കുറിച്ച് വല്ലതും പറഞ്ഞിരുന്നോ എന്ന് വിജയലക്ഷ്മിയോട് പൊലീസ് ചോദിച്ചു. ദർശൻ ഉപയോഗിച്ച ഷൂവും വസ്ത്രങ്ങളും എന്ത് ചെയ്തുവെന്ന് ഓർക്കുന്നുണ്ടോ എന്നതും ചോദിച്ചു. കേസില്‍ വിജയലക്ഷ്മിയെ സാക്ഷിയാക്കാനാണ് സാധ്യത.