അറ്റ്‌ലാന്റ: കോപ്പാ അമേരിക്കയില്‍ വിജയത്തോടെ തുടങ്ങി അര്‍ജന്റീന. കാനഡയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്റീന തകര്‍ത്തുവിട്ടത്.49ാം മിനുട്ടില്‍ ജുലിയന്‍ അല്‍വാരസും 88ാം മിനുട്ടില്‍ ലൗട്ടാറോ മാര്‍ട്ടിനെസുമാണ് അര്‍ജന്റീനക്കായി ലക്ഷ്യം കണ്ടത്. ലയണല്‍ മെസി ഗോളടിച്ചില്ലെങ്കിലും ഗോളിന് വഴിയൊരുക്കിയും മിന്നല്‍ നീക്കങ്ങള്‍ നടത്തിയും മത്സരത്തില്‍ നിറഞ്ഞുനിന്നു. ലയണല്‍ മെസിയും അല്‍വാരയും ഡി പോളും ഡി മരിയയും എല്ലാം ഉള്‍പ്പെടെ ശക്തമായ നിരയോടെയാണ് അര്‍ജന്റീന ഇറങ്ങിയത്. 4-4-2 ഫോര്‍മേഷനിലിറങ്ങിയ അര്‍ജന്റീനയെ അതേ ഫോര്‍മേഷനിലാണ് കാനഡ നേരിട്ടത്. ആദ്യ പകുതിയില്‍ അര്‍ജന്റീനയോട് ഗോള്‍ വഴങ്ങാതെ പിടിച്ചുനില്‍ക്കാന്‍ കാനഡക്ക് സാധിച്ചു. രണ്ടാം മിനുട്ടില്‍ കാനഡയുടെ സൈല്‍ ലെറിന്‍ ലോങ് ഷോട്ട് ഗോളിന് ശ്രമിച്ചെങ്കിലും അര്‍ജന്റീനയുടെ പ്രതിരോധം തടുത്തു.
അഞ്ചാം മിനുട്ടില്‍ അര്‍ജന്റീനക്ക് ലീഡ് നേടാന്‍ സുവര്‍ണ്ണാവസരം. പാസിലൂടെ ലഭിച്ച പാസിനെ ലിയാന്‍ഡ്രോ പാരഡസ് തൊടുത്ത മിഡ് റേഞ്ച് ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പോയി. ആറാം മിനുട്ടില്‍ ഏഞ്ചല്‍ ഡി മരിയ ലോങ് ഷോട്ട് തൊടുത്തെങ്കിലും പന്ത് കാനഡ ഗോളി മാക്‌സിമി ക്രിപ്യുവിന്‍ പിടിച്ചെടുത്തു. 9ാം മിനുട്ടില്‍ ബോക്‌സിനുള്ളില്‍വെച്ച് ഡി മരിയക്ക് ലഭിച്ച പാസിനെ താരം വലിയിലേക്കെത്തിക്കാന്‍ നോക്കിയെങ്കിലും കാനഡ ഗോളിയുടെ തകര്‍പ്പന്‍ സേവ് വീണ്ടും രക്ഷിച്ചു. കൂടുതല്‍ സമയം പന്തടക്കിവെച്ച് കാനഡയെ സമ്മര്‍ദ്ദത്തിലാക്കിയാണ് അര്‍ജന്റീന കളിച്ചത്. കാനഡയുടെ അല്‍ഫോന്‍സോ ഡേവിഡ് മികച്ച മുന്നേറ്റങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. എന്നാല്‍ ലക്ഷ്യത്തിലേക്കെത്തിക്കാനായില്ല. 30ാം മിനുച്ചില്‍ കാനഡക്ക് മുന്നില്‍ സുവര്‍ണ്ണാവസരം. തജോന്‍ ബുച്ചനാന് ബോക്‌സിനുള്ളില്‍ സുവര്‍ണ്ണാവസരം. എന്നാല്‍ പ്രതിരോധ നിരയുടെ വെല്ലുവിളി മറികടന്ന് താരം തൊടുത്ത ഷോട്ട് പോസ്റ്റിന്റെ വലത് ഭാഗത്ത് കൂടി പുറത്തേക്ക് പോയി. 38ാം മിനുട്ടില്‍ മാര്‍ട്ടിനസ് നടത്തിയ ലോങ് ഷോട്ട് ശ്രമവും ക്രിപ്യു പരാജയപ്പെടുത്തി. 43ാം മിനുട്ടില്‍ സ്റ്റീഫന്‍ യുസ്റ്റാക്യുവിന്റെ ഹെഡര്‍ ഗോള്‍ ശ്രമം അര്‍ജന്റീന ഗോളി തടുത്തു. തൊട്ട് പിന്നാലെ അല്‍ഫോന്‍സോ ഡേവിസ് സുവര്‍ണ്ണാവസരം പാഴാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റീബൗണ്ട് ചെയ്ത് ലഭിച്ച പന്തില്‍ നിന്ന് താരം തൊടുത്ത ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പോയി. ആദ്യ പകുതിയില്‍ ഇരു ടീമും ഗോളുകള്‍ നേടാതെയാണ് കളം വിട്ടത്. 68 % അര്‍ജന്റീന ഗോള്‍ശ്രമത്തില്‍ മുന്നിട്ട് നിന്നപ്പോള്‍ കാനഡ 6നെതിരേ 7 ഗോള്‍ശ്രമങ്ങള്‍ നടത്തി മികവ് കാട്ടി. രണ്ടാം പകുതിയുടെ തുടക്കം തന്നെ അര്‍ജന്റീന ലീഡെടുത്തു. 49ാം മിനുട്ടില്‍ ബോക്‌സിനുള്ളിലേക്ക് അലെക്‌സിസ് മാക് അലിസ്റ്റര്‍ നല്‍കിയ പാസിനെ ജുലിയന്‍ അല്‍വാരസ് പോസ്റ്റിന്റെ വലത് മൂലയിലെത്തിച്ചു. ഗോള്‍വഴങ്ങിയതോടെ കാനഡ ഉണര്‍ന്ന് കളിച്ചു. എന്നാല്‍ ഗോള്‍ശ്രമങ്ങളെല്ലാം അര്‍ജന്റീന പ്രതിരോധത്തില്‍ തട്ടിത്തകര്‍ന്നു. 82ാം മിനുട്ടില്‍ ലഭിച്ച ഫ്രീകിക്കില്‍ നിന്ന് നിക്കോളാസ് ഒറ്റമെന്‍ഡി ഹെഡ് ചെയ്ത് ഗോളിന് ശ്രമിച്ചെങ്കിലും പോസ്റ്റിന്റെ വലത് വശത്തുകൂടി പുറത്തേക്ക് പോയി.
ലൗട്ടാറോ മാര്‍ട്ടിനസിന്റെ ഷോട്ട് കാനഡ ഗോളി തടുത്തു. ഒടുവില്‍ 88ാം മിനുട്ടില്‍ അര്‍ജന്റീന ഗോളുയര്‍ത്തി. ലയണല്‍ മെസിയുടെ പാസില്‍ നിന്ന് ലൗട്ടാറോ മാര്‍ട്ടിനസാണ് ലക്ഷ്യം കണ്ടത്. അവസാന മിനുട്ടുകളില്‍ കാര്യമായൊന്നും ചെയ്യാന്‍ കാനഡക്ക് സാധിക്കാതെ പോയതോടെ എതിരില്ലാത്ത രണ്ട് ഗോള്‍ ജയം അര്‍ജന്റീനക്ക് സ്വന്തം.ജയത്തോടെ ഗ്രൂപ്പ് എയില്‍ നിര്‍ണ്ണായകമായ മൂന്ന് പോയിന്റുകള്‍ നേടാന്‍ അര്‍ജന്റീനക്ക് സാധിച്ചു.