ജോഹനാസ്ബർഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് ഇന്ന് നിർണ്ണായകം. ടെസ്റ്റ് പരമ്പര കൈവിട്ട ഇന്ത്യക്ക് ഇന്ന് എന്തൊക്കെയായാലും രണ്ടാം ഏകദിന ത്തിലെ ജയം അനിവാര്യമാണ്. ആദ്യ ഏകദിനത്തിൽ 31 റൺസിനാണ് ആതിഥേയർ ജയിച്ചത്. ആദ്യ ഏകദിനത്തിൽ ദക്ഷിണാഫ്രിക്കൻ മുൻനിരയിൽ വാൻഡർ സറിന്റേയും നായകൻ ബാവുമയുടേയും മികച്ച സെഞ്ച്വറികളാണ് തുണയായത്.
എന്നാൽ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി മുൻനിരയിൽ ശിഖർധവാനും വിരാട് കോഹ്ലിയും അർദ്ധസെഞ്ച്വറികളോടെ മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ പിന്നാലെ മധ്യനിര തകർന്നതാണ് മത്സരം കൈവിടാൻ കാരണം. ഋഷഭ്പന്തും ശ്രേയസ്സ് അയ്യരും അരങ്ങേറ്റമത്സരം കളിച്ച വെങ്കിടേശ് അയ്യരും നിസ്സാര സ്‌കോറുകൾക്ക് പുറത്തായതോടെയാണ് ദക്ഷിണാഫ്രിക്ക ജയിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വാലറ്റത്ത് ഷാർദ്ദൂൽ ഠാക്കൂറിന്റെ അർദ്ധസെഞ്ച്വറി പ്രകടനത്തിന് കൂട്ടായി ഒരാൾകൂടി നിന്നിരുന്നെങ്കിൽ ഇന്ത്യക്ക് ജയം നേടാൻ സാധിക്കുമായിരുന്നു. മധ്യനിരയിൽ കൂടുതൽ പരിചയ സമ്പന്നനും മികച്ച സ്ട്രോക് പ്ലെയറുമായ സൂര്യകുമാർ യാദവിനെ കളിപ്പിക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്.
വിരാട് കോഹ്ലിയുടെ നായകസ്ഥാനത്തു നിന്നുള്ള പിന്മറ്റത്തിന് ശേഷം കെ.എൽ.രാഹുലിനെ ടീമിന്റെ നെടുംതൂണാക്കി മാറ്റുക എന്ന ഭാരിച്ച ചുമതലയാണ് പരിശീലകനായ രാഹുൽ ദ്രാവിഡിന്റെ മുന്നിലെ വെല്ലുവിളി.