ഹരിപ്പാട് താലൂക്ക് ആശുപത്രി സൂപ്രണ്ടിനെതിരെ കൂടുതല്‍ പരാതി; അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി വീണ ജോർജ്

ആലപ്പുഴ : ഹരിപ്പാട് താലൂക്ക് ആശുപത്രി സൂപ്രണ്ടിനെതിരെ കൂടുതല്‍ പരാതികള്‍. കൈക്കൂലി വാങ്ങിയെന്നും തുക കുറഞ്ഞതിനാല്‍ രോഗിയെ നോക്കിയില്ലെന്നുമാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് നവകേരളസദസ്സില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് ആരോപണം. നവകേരള സദസില്‍ പരാതി കൈപ്പറ്റിയെന്ന രസീത് വന്നെങ്കിലും തുടര്‍ നടപടി ഉണ്ടായില്ല. ഹരിപ്പാട് ദേവി കുളങ്ങര സ്വദേശി റോബിൻ രവികൃഷ്ണൻ ആയിരുന്നു നവകേരള സദസില്‍ ഇതുസംബന്ധിച്ച പരാതി നല്‍കിയത്. റോബിന്‍റെ പിതാവിന്‍റെ ചികിത്സക്കായി ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിയപ്പോഴാണ് സംഭവം. ഹരിപ്പാട് താലൂക്ക് ആശുപത്രി സൂപ്രണ്ടിനെതിരെ ഗുരുതര ആരോപണവുമായി രോഗിയുടെ കുടുംബം കഴിഞ്ഞ ദിവസം രംഗതെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ആശുപത്രി സൂപ്രണ്ടിനെതിരെ വീണ്ടും സമാനമായ പരാതി നല്‍കിയിരുന്നുവെന്ന വെളിപ്പെടുത്തലുമായി റോബിൻ രവികൃഷ്ണൻ രംഗത്തെത്തിയത്.

Advertisements

അതേസമയം, ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ വീഡിയോയിലൂടെ സ്ത്രീ പരാതി ഉന്നയിച്ച സംഭവത്തില്‍ അന്വേഷിച്ച്‌ നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. അവരുടെ ഭര്‍ത്താവിന് മതിയായ ചികിത്സ ഉറപ്പാക്കാനും മന്ത്രി നിര്‍ദേശം നല്‍കി. അന്വേഷണത്തിന്‍റെ ഭാഗമായി ഇന്ന് ആശുപത്രിയിലെത്തി മൊഴിയെടുക്കും. ആശുപത്രി സൂപ്രണ്ട് കൈക്കൂലി വാങ്ങിയെന്നും, തുക കുറഞ്ഞതിനാല്‍ രോഗിയെ നോക്കിയില്ലെന്നുമാണ് കാലിന് മൈനര്‍ ശസ്ത്രക്രിയ നടത്താനെത്തിയ ഹരിപ്പാട് സ്വദേശി അനിമോന്‍റെ ഭാര്യ ആരോപിച്ചത്. ശസ്ത്രക്രിയയ്ക്ക് മുൻപ് കൈക്കൂലി നല്‍കിയെന്നും ശസ്ത്രക്രിയക്ക് ശേഷം കൂടുതല്‍ തുക കൈക്കൂലി ആവശ്യപ്പെട്ടെന്നും പറഞ്ഞ അനിമോന്‍റെ ഭാര്യ ബീന കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുക നല്‍കാതിരുന്നതിനാല്‍ ഡോക്ടര്‍ ഭര്‍ത്താവിനെ തിരിഞ്ഞുനോക്കിയില്ലെന്നും കുറ്റപ്പെടുത്തി. തന്‍റെ ഫീസ് അതല്ലെന്ന് പറഞ്ഞാണ് സൂപ്രണ്ട് കൂടുതല്‍ തുക ആവശ്യപ്പെട്ടതെന്ന് ബീന പറഞ്ഞു. സംഭവത്തില്‍ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ബീന പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍, ആരോപണം നിഷേധിച്ച്‌ താലൂക്ക് ആശുപത്രി സൂപ്രണ്ട് സുനില്‍ രംഗത്തിയിരുന്നു. ശസ്ത്രക്രിയ നടന്നതിന്‍റെ തൊട്ടടുത്ത ദിവസം രാവിലെ മീറ്റിംഗ് ഉണ്ടായിരുന്നുവെന്നും അതിനാലാണ് രോഗിയെ കാണാൻ വൈകിയതെന്നുമാണ് ഡോ സുനില്‍ പറയുന്നത്. കൈക്കൂലി വാങ്ങിയെന്ന ആരോപണവും അദ്ദേഹം തള്ളിയിരുന്നു.

Hot Topics

Related Articles