തൃശൂര്‍: ചാവക്കാട് കടപ്പുറം പഞ്ചായത്തിലെ അഞ്ചങ്ങാടി വളവില്‍ ശക്തമായ കുഴിപ്പന്‍ തിരമാലയില്‍ കെട്ടിടം തകര്‍ന്നുവീണു. മുമ്പ് ടെലിഫോണ്‍ ബൂത്തായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണ് തിരയില്‍ തകര്‍ന്നത്. കെട്ടിടത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഹോട്ടലും ഭാഗികമായി തകര്‍ന്നു. കെട്ടിടത്തോട് ചേര്‍ന്ന് നില്‍ക്കുന്ന രണ്ട് തെങ്ങുകളും വീഴുന്ന നിലയിലാണുള്ളത്. അമ്പലത്ത് വീട്ടില്‍ പരീതിന്റെ ബോംബെ ഹോട്ടലാണ് തകര്‍ന്നത്. കെട്ടിടത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന ഹോട്ടലിന്റെ സാധനങ്ങള്‍ പൂര്‍ണമായും നശിച്ചു. ഏകദേശം ഇരുപതിനായിരം രൂപയോളം നഷ്ടം ഉണ്ടായെന്നാണ് കണക്കകൂട്ടല്‍. കഴിഞ്ഞവര്‍ഷം കടല്‍ക്ഷോഭം മൂലം ഒരു കെട്ടിടം പൂര്‍ണമായി തകര്‍ന്നിരുന്നു. കടലില്‍നിന്ന് പത്ത് മീറ്റര്‍ അകലത്തിലാണ് റോഡ് പോയിരിക്കുന്നത്. അതിനാല്‍ എപ്പോള്‍ വേണമെങ്കിലും റോഡ് തകര്‍ന്നുപോവാമെന്ന അവസ്ഥയാണ്.
കുടിവെള്ളത്തിലേക്ക് ഉപ്പു കലരുന്നതും മേഖലയില്‍ ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. അപകടകരമായ സ്ഥലമായി അഞ്ചങ്ങാടി വളവ് മാറിയിരിക്കുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതിന് ശാശ്വത പരിഹാരം ഉണ്ടാവണമെന്നും നാട്ടുകാര്‍ പറഞ്ഞു. ശക്തമായ തിരയില്‍ കെട്ടിടം വീണതോടെ ആശങ്കയിലായിരിക്കുകയാണ് പ്രദേശ വാസികള്‍. വര്‍ഷങ്ങളായി ഇവിടത്തെ ജനങ്ങള്‍ ഈ ദുരിതം അനുഭവിക്കുന്നുണ്ടെങ്കിലും യാതൊരുവിധ നടപടിയും ഇതുവരെ ഉണ്ടായില്ലെന്ന് ഇവര്‍ പറയുന്നു. കടല്‍ ഭിത്തി തകര്‍ന്ന സ്ഥലങ്ങളിലാണ് കടല്‍ ക്ഷോഭം കൂടുതലായിട്ടുള്ളത്.