ബ്രസീലിനു കോപ്പാ അമേരിക്കയില്‍ മോശം തുടക്കം: ബസ് പാർക്ക് ചെയ്ത കോസ്റ്റാറിക്കയ്‌ക്കെതിരേ ഗോള്‍രഹിത സമനില 

കാലിഫോര്‍ണിയ: മുന്‍ ചാംപ്യന്‍മാരും ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിലെ പവര്‍ഹൗസുകളുമായ ബ്രസീലിനു കോപ്പാ അമേരിക്കയില്‍ മോശം തുടക്കം.ആദ്യ ഗ്രൂപ്പ് മല്‍സരത്തില്‍ മഞ്ഞപ്പടയ്ക്കു നിരാശാജനകമായ സമനില വഴങ്ങേണ്ടി വന്നിരിക്കുകയാണ്. ഗ്രൂപ്പ് ഡിയിലെ ഏറ്റവും ദുര്‍ബലരായ കോസ്റ്റാറിക്കയ്‌ക്കെതിരേ ഗോള്‍രഹിത സമനില കൊണ്ട് ബ്രസീല്‍ തൃപ്തിപ്പെടുകയായിരുന്നു. ഈ മല്‍സരഫലം ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. ഈ ഗ്രൂപ്പില്‍ ബ്രസീലിനു ഏറ്റവും എളുപ്പമുള്ള എതിരാളികളായിരുന്നു കോസ്റ്റാറിക്ക. അതുകൊണ്ടു തന്നെ വലിയൊരു ജയവും അവര്‍ സ്വപ്‌നം കണ്ടിരുന്നു. പക്ഷെ കോസ്റ്റാറിക്ക എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചിരിക്കുകയാണ്. ഇതോടെ ഗ്രൂപ്പിലെ അടുത്ത രണ്ടു മല്‍സരങ്ങള്‍ ബ്രസീലിനു നിര്‍ണായകമായി മാറുകയും ചെയ്തു.അപകടകാരികളായ പരാഗ്വേ, കരുത്തരായ കൊളംബിയ എന്നിവരുമായാണ് ശേഷിച്ച കളികള്‍. ഇവയിലൊന്നില്‍ സമനിലയുും മറ്റൊന്നില്‍ പരാജയവും നേരിട്ടാല്‍ ബ്രസീലിനു ഗ്രൂപ്പുഘട്ടത്തില്‍ തന്നെ നാണംകെട്ട് നാട്ടിലേക്കു മടങ്ങേണ്ടതായി വരും. കാരണം ഗ്രൂപ്പിലെ ആദ്യത്തെ രണ്ടു സ്ഥാനക്കാര്‍ മാത്രമേ ക്വാര്‍ട്ടര്‍ ഫൈനലിലേക്കു മുന്നേറുകയുള്ളൂ. മഞ്ഞപ്പടയുടെ അവസാന മല്‍സരം ജൂലൈ രണ്ടിനു കൊളംബിയയുമായിട്ടാണ്. പരാഗ്വേയെ 2-1നു തോല്‍പ്പിച്ച കൊളംബിയയാണ് ഇപ്പോള്‍ ഗ്രൂപ്പില്‍ തലപ്പത്ത്.

Advertisements

കോപ്പയില്‍ ബ്രസീലിനെ ഗോള്‍രഹിത സമനിലയില്‍ പൂട്ടിയ കോണ്‍കകാഫ് മേഖലയില്‍ നിന്നുള്ള മൂന്നാമത്തെ മാത്രം ടീമാണ് കോസ്റ്റാറിക്ക. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ തന്നെ നേരത്തേ വെറും രണ്ടു ടീമുകളില്‍ നിന്നും മാത്രമേ മഞ്ഞപ്പടയ്ക്കു ഈ നാണക്കേടുണ്ടായിട്ടുള്ളൂ. മെക്‌സിക്കോയ്ക്കു രണ്ടു തവണ ബ്രസീലിനെ ഗോളടിപ്പിക്കാതെ പിടിച്ചുനിര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. 2001, 2007 എഡിഷനുകളിലായിരുന്നു ഇത്. 2001ല്‍ ഹോണ്ടുറാസും മഞ്ഞപ്പടയെ ഗോരഹിതമായി കുരുക്കി. സൂപ്പര്‍ താരം നെയ്മറിന്റെ സാന്നിധ്യം സ്റ്റാന്‍ഡ്‌സിലുണ്ടായട്ടും കോസ്റ്റാറിക്കയ്‌ക്കെതിരേ ഇതു മഞ്ഞപ്പടയെ കളിക്കളത്തില്‍ പ്രചോദിപ്പിച്ചില്ല. സ്വന്തം ഗോള്‍ മുഖത്തു ബസ് പാര്‍ക്ക് ചെയ്ത് അമിത പ്രതിരോധത്തിലൂന്നിയുള്ള ഗെയിം കോസ്റ്റാറിക്ക കളിച്ചതോടെ ഇതു ഭേദിച്ചു ഗോള്‍ നേടാനാവാതെ ബ്രസീല്‍ വലയുകയായിരുന്നു. കളിയില്‍ ഭൂരിഭാഗം സമയവും പന്ത് മഞ്ഞപ്പടയുടെ കൈവശമായിരുന്നു. പക്ഷെ ഈ ആധിപത്യം ഗോളാക്കി മാറ്റാനുള്ള മൂര്‍ച്ച അവരുടെ ആക്രമണങ്ങള്‍ക്കില്ലായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബ്രസീലിനെതിരേ ഒരു അട്ടിമറി ജയമായിരുന്നില്ല, മറിച്ച്‌ സമനിലയോടെ വിലപ്പെട്ട ഒരു പോയിന്റായിരുന്നു കോസ്റ്റാറിക്ക ലക്ഷ്യമിട്ടത്. അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. റഫറിയുടെ ഭാഗത്തു നിന്നുണ്ടായ സംശയാസ്പദമായ ചില കോളുകളും ബ്രസീലിനു തിരിച്ചടിയായി. നിര്‍ഭാഗ്യവും അവരെ വേട്ടയാടി. 63ം മിനിറ്റില്‍ ലൂക്കാസ് പക്വേറ്റയുടെ ഗോളില്‍ ബ്രസീല്‍ മുന്നില്‍ കടക്കേണ്ടതായിരുന്നു. പക്ഷെ ബോക്‌സിനു തൊട്ടരികില്‍ വച്ച്‌ താരം തൊടുത്ത വെടിയുണ്ട കണക്കെയുള്ള ഇടംകാല്‍ ഷോട്ട് ഗോളിയെ മറികടന്നെങ്കിലും വലതു പോസ്റ്റിലിടിച്ച്‌ തെറിക്കുകയായിരുന്നു. 30ാം മിനിറ്റില്‍ മാര്‍ക്വിഞ്ഞോസ് മഞ്ഞപ്പടയ്ക്കായി വലയില്‍ പന്തെത്തിച്ചെങ്കലും വാറിനൊടുവില്‍ അതു റഫറി നിഷേധിക്കുകയായിരുന്നു. 71ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയറിനെ പിന്‍വലിച്ച്‌ പുതിയ താരോദയമായ എന്‍ഡ്രിക്കിനെ ബ്രസീല്‍ പരീക്ഷിച്ചു നോക്കിയെങ്കിലും ഗോള്‍ അകന്നു തന്നെ നിന്നു.

Hot Topics

Related Articles