കോപ്പ അമേരിക്കയിൽ അർജന്റീന ക്വാർട്ടറിൽ : ചിലിയെ തകർത്തത് ഏകപക്ഷീയമായ ഒരു ഗോളിന് 

ന്യൂജേഴ്സി: കോപ്പ അമേരിക്കയിൽ അർജന്റീന ക്വാർട്ടറിൽ. ചിലിയെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്താണ് അർജൻ്റീന ക്വാർട്ടറിലേക്ക് ടിക്കറ്റെടുത്തത്. ലൗട്ടാറോ മാർട്ടിനസാണ് ലക്ഷ്യം കണ്ടത്. 86-ാം മിനിറ്റിലാണ് ഗോൾ പിറന്നത്.മത്സരത്തിൻറെ ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും കാര്യമായ ഗോളവസരങ്ങൾ സൃഷ്ടിക്കാനായില്ല. ഡി മരിയയില്ലാതെയാണ് അർജന്റീന ഇറങ്ങിയത്. മികച്ച നീക്കങ്ങൾ നടത്തി മുന്നേറാൻ ടീമുകൾക്ക് സാധിച്ചില്ല. 21-ാം മിനിറ്റിൽ ബോക്‌സിനുള്ളിൽ നിന്നുള്ള അൽവാരസിന്റെ ഷോട്ട് ബ്രാവോ കൈപ്പിടിയിലൊതുക്കി. കളി മെനയാൻ മെസ്സി മധ്യഭാഗത്തേക്കിറങ്ങി കളിച്ചു. എന്നിട്ടും ഫലമുണ്ടായില്ല. ചിലിയൻ പ്രതിരോധം ഭേദിച്ച് മുന്നേറാൻ അർജൻ്റീനയ്ക്കായില്ല. മറുവശത്ത് ചിലിയ്ക്ക് ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് ഉതിർക്കാൻ പോലുമായില്ല. പന്തടക്കത്തിലും പാസിങ്ങിലും മെസ്സിപ്പടയാണ് മുന്നിട്ടു നിന്നത്. 36-ാം മിനിറ്റിൽ മെസ്സിയുടെ ഷോട്ട് പുറത്തുപോയി. ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു.രണ്ടാം പകുതിയിൽ അർജൻ്റീന ഉണർന്നു കളിച്ചു. ഗോൾ കണ്ടെത്താൻ നിരനിരയായി ആക്രമണങ്ങളുടെ കെട്ടഴിച്ചുവിട്ടു. നിക്കോ ഗോൺസാലസിൻ്റെ ഷോട്ട് ചിലിയൻ ഗോളി ക്ലോഡിയോ ബ്രാവോ തട്ടിയകറ്റി. മക് അലിസ്റ്ററിന് മികച്ച അവസരം കിട്ടിയെങ്കിലും മുതലാക്കാനായില്ല. പിന്നാലെ ലൗട്ടാറോ മാർട്ടിനസിനേയും ഡിമരിയയേയും സ്ക്ലോണി കളത്തിലിറക്കി. ഒടുക്കം അതിന് ഫലമുണ്ടായി. 86-ാം മിനിറ്റിൽ അർജന്റീന ലക്ഷ്യം കണ്ടു. കോർണറിനൊടുക്കം ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനിടയിൽ ലൗട്ടാറോ മാർട്ടിനസ് വലകുലുക്കി. ചിലിയുടെ മുന്നേറ്റങ്ങളെ അവസാനനിമിഷം പ്രതിരോധിച്ചതോടെ അർജന്റീന വിജയത്തോടെ മടങ്ങി.

Advertisements

Hot Topics

Related Articles