മഞ്ചേരി: മഞ്ചേരിയില്‍ എക്‌സൈസിന്റെ വൻ കഞ്ചാവ് വേട്ട. 50 കിലോയുമായി ആനക്കയം സ്വദേശി പിടിയിൽ. ചേപ്പൂർ പൂവത്തിക്കല്‍ മുഹമ്മദലി ശിഹാബുദ്ദീനെയാണ് (44) കഴിഞ്ഞ ദിവസം നെല്ലിപ്പറമ്പുനിന്ന് എക്‌സൈസ് സംഘം പിടികൂടിയത്. എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡും മഞ്ചേരി എക്‌സൈസ് റേഞ്ച് ഓഫിസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മഞ്ചേരിയില്‍നിന്ന് ആലുവയിലേക്ക് കാറില്‍ കഞ്ചാവ് കടത്തുമ്പോള്‍ ഇയാള്‍ പിടിയിലായത്. ഇയാളില്‍നിന്ന് വിപണിയില്‍ 30 ലക്ഷത്തോളം രൂപ വിലമതിക്കുന്ന കഞ്ചാവാണ് കണ്ടെടുത്തത്. കാറില്‍ ഡിക്കിയില്‍ ചെറിയ പാക്കറ്റുകളിലാക്കിയ നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇയാളുടെ പിന്നിലുള്ള സംഘത്തിലെ മറ്റു ആളുകളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ പ്രതികള്‍ ഉടൻ അറസ്റ്റിലാകുമെന്നും എക്‌സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
എക്‌സൈസ് കമീഷനർ സ്‌ക്വാഡ് ഇൻസ്‌പെക്ടർ ടി. ഷിജുമോൻ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മഞ്ചേരി റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ എൻ. നൗഫല്‍, കമീഷനർ സ്‌ക്വാഡ് അംഗങ്ങളായ പ്രിവൻറിവ് ഓഫിസർ കെ. പ്രദീപ് കുമാർ, പ്രിവൻറിവ് ഓഫിസർ (ഗ്രേഡ്) കെ.എസ്. അരുണ്‍കുമാർ, സിവില്‍ എക്‌സൈസ് ഓഫിസർമാരായ നിതിൻ ചോമാരി, അഖില്‍ദാസ്, അരുണ്‍ പറോല്‍, വി. സച്ചിൻ ദാസ്, മഞ്ചേരി എക്‌സൈസ് റേഞ്ച് ഓഫിസിലെ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ശിവപ്രകാശ്, പ്രിവന്റിവ് ഓഫിസർ (ഗ്രേഡ് ) ടി.കെ. സതീഷ്, സിവില്‍ എക്‌സൈസ് ഓഫിസർമാരായ ഹരീഷ് ബാബു, ഷബീർ മൈത്ര, ടി. സുനീർ, ടി. ശ്രീജിത്ത്, വനിത സിവില്‍ എക്‌സൈസ് ഓഫിസർമാരായ ആതിര, രേവതി എക്‌സൈസ് ഡ്രൈവർ സവാദ് നാലകത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.