ന്യൂഡൽഹി: ട്വന്റി 20 ലോകകപ്പ് വിജയത്തിനു പിന്നാലെ ഇന്ത്യൻ ടീമിൽ നിന്നും മറ്റൊരു താരം കൂടി വിരമിക്കുന്നു. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കും, വിരാട് കോഹ്ലിയ്ക്കും പിന്നാലെയാണ് ഇപ്പോൾ രവീന്ദ്ര ജഡേജ കൂടി മത്സരത്തിൽ നിന്നും വിരമിക്കുന്നത്. രാജ്യാന്തര ട്വന്റി 20 മത്സരങ്ങളിൽ നിന്നാണ് താരം വിരമിച്ചിരിക്കുന്നത്. ഇതോടെ ട്വന്റി 20 ലോകകപ്പ് വിജയത്തിനു പിന്നാലെ ഇന്ത്യൻ ടീമിൽ നിന്നും വിരമിച്ചവരുടെ എണ്ണം മൂന്നായി. 2007 ൽ പുതിയ തലമുറയുമായി എത്തി ധോണി ആദ്യമായി ലോകകപ്പെടുത്തതോടെയാണ് ഇന്ത്യയിൽ ട്വന്റി 20 യ്ക്ക് പ്രിയം വർദ്ധിച്ചത്. ഐപിഎൽ എത്തിയതോടെ ഇന്ത്യയിൽ ട്വന്റി 20 യുടെ പ്രിയം ഇരട്ടിയായി വർദ്ധിച്ചു. ഐപിഎല്ലിലൂടെ നിരവധി താരങ്ങളും ഉദയം ചെയ്തു. ഇന്ന് രോഹിത്തും, കോഹ്ലിയും , ജഡേജയും വിരമിക്കുമ്പോൾ ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി ഐപിഎല്ലിന്റെ കണ്ടെത്തലായ ഒരു പിടി യുവതാരങ്ങളുടെ കയ്യിൽ ഭദ്രമാണ്.