വയനാട്ടിൽ ഈസി വാക്കോവർ പ്രതീക്ഷിക്കേണ്ട; പ്രിയങ്കയ്ക്കെതിരെ മെച്ചപ്പെട്ടയാൾ തന്നെ മത്സരിക്കും: കെ സുരേന്ദ്രൻ

സുല്‍ത്താന്‍ ബത്തേരി: വയനാട് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഈസിവാക്കോവര്‍ പ്രതീക്ഷിക്കേണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍. പ്രിയങ്ക ഗാന്ധിക്കെതിരെ മെച്ചപ്പെട്ട ആള് തന്നെ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുല്‍ ഗാന്ധി ലോകം മുഴുവൻ ഓടിനടന്ന് ഹിന്ദുക്കളെ അവഹേളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലോകത്തിന് മുമ്പില്‍ രാജ്യത്തെ അവഹേളിക്കാനാണ് രാഹുലിന്‍റെ ശ്രമമെന്നും ബത്തേരിയില്‍ നടത്തിയ വാർത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന് മുമ്പും വിദേശ രാജ്യങ്ങളില്‍ പോയി രാജ്യത്തെ അപമാനിക്കുന്ന പ്രസ്താവനയാണ് രാഹുല്‍ നടത്തിയത്. ഇവിഎം തട്ടിപ്പാണെന്നും ഇന്ത്യയില്‍ മതേതരത്വം അപകടത്തിലാണെന്നും ന്യൂനപക്ഷങ്ങള്‍ രണ്ടാംകിട പൗരൻമാരായി മാറിയെന്നും രാഹുല്‍ പറഞ്ഞു. ആസൂത്രിതമായ പ്രചരണങ്ങളാണിതെന്ന് വ്യക്തമാണ്. ഇതിൻ്റെ തുടർച്ചയാണ് ഇപ്പോള്‍ പാർലമെൻ്റില്‍ കണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു.

Advertisements

രാഹുലിന്‍റെ പ്രസ്താവന ഹിന്ദുക്കള്‍ക്ക് അപമാനകരമാണ്. അബദ്ധജടിലവും പ്രകോപനപരവുമായ പ്രസ്താവനയാണിത്. വസ്തുതാവിരുദ്ധമായ പ്രസ്താവനക്കെതിരെ പ്രതിഷേധം ഉയരണം. ഹിന്ദുക്കള്‍ അക്രമകാരികളാണെന്ന് പറയുന്നത് തീവ്രചിന്താഗതിക്കാരെ സന്തോഷിപ്പിക്കാനാണ്. നിരന്തരമായി ഇത്തരം പ്രസ്താവനകള്‍ നടത്തുന്നയാളാണ് രാഹുല്‍. ഹിന്ദു സംസ്കാരത്തെ പറ്റി ഒരു അറിവും രാഹുല്‍ ഗാന്ധിക്ക് ഇല്ല. എല്ലാ മതങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ് സനാതന ധർമ്മം. ലോകത്തിന്‍റെ എല്ലാ ഭാഗത്തു നിന്നും ആട്ടിയോടിക്കപ്പെട്ട ഇതര മതക്കാരെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചവരാണ് ഹിന്ദുക്കള്‍. അഗ്നിവീറിനെ കുറിച്ചും അയോധ്യ ക്ഷേത്രത്തിന് വേണ്ടിയുള്ള ഭൂമിയേറ്റെടുക്കലിനെ കുറിച്ചും കർഷക സമരത്തെ കുറിച്ചും തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയാണ് രാഹുല്‍ നടത്തിയത്. രാഹുല്‍ ഗാന്ധി ഹിന്ദുമതത്തെ അവഹേളിച്ചതിനെ കുറിച്ച്‌ മുതിർന്ന കോണ്‍ഗ്രസ് നേതാവ് എകെ ആൻ്റണി പ്രതികരിക്കണം. കോണ്‍ഗ്രസിൻ്റെ മുതിർന്ന നേതാക്കള്‍ രാഹുലിനെ തിരുത്തണം. പാർലമെൻ്റിലും പുറത്തും രാഹുല്‍ മാപ്പു പറയണം. പരമശിവനെ അവഹേളിക്കുന്ന പ്രസ്താവനയാണ് അദ്ദേഹം നടത്തിയത്. ഏത് വാട്സാപ്പ് യൂണിവേഴ്സിറ്റിയില്‍ നിന്നാണ് ഇത്തരം വിവരങ്ങള്‍ കിട്ടിയതെന്ന് അദ്ദേഹം പറയണം. എല്ലാവർക്കും കയറി കൊട്ടാനുള്ള ചെണ്ടയല്ല ഹിന്ദുക്കള്‍. സിഖുക്കാരെ വംശഹത്യ നടത്തിയ പാർട്ടിയാണ് കോണ്‍ഗ്രസ്. അവർക്ക് മതനിരപേക്ഷതയെ പറ്റി പറയാൻ അവകാശമില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.