എരുമേലി : തർക്കം നിലനിൽക്കുന്ന മണിപ്പുഴയിലെ അംഗൻവാടിയുടെ സ്ഥലം അളന്ന് നിർണയിച്ച് അതിര് കുറ്റി വെച്ചത് സംബന്ധിച്ച് പഞ്ചായത്ത് അസി. സെക്രട്ടറിയോട് അസഭ്യം പറഞ്ഞെന്ന് പരാതി. ഇന്നലെ വൈകുന്നേരമാണ് സംഭവം. മണിപ്പുഴ അംഗൻവാടി (നമ്പർ പുതിയത് 87, പഴയത് 111) സ്ഥലം പരിസരവാസിയുടെ പേരിൽ രേഖകൾ ആയത് സംബന്ധിച്ച് കോടതിയിൽ പഞ്ചായത്തും സ്വകാര്യ വ്യക്തിയും തമ്മിൽ കേസ് നിലവിലുണ്ട്.
പഞ്ചായത്ത് നൽകിയ അപേക്ഷയെ തുടർന്ന് ഇന്നലെ താലൂക്ക് സർവേയറുടെ നേതൃത്വത്തിൽ അളന്ന് അംഗൻവാടിയുടെ അഞ്ചര സെന്റോളം സ്ഥലം നിർണയിക്കുകയും പശ്ചിമ ദേവസ്വം വകയാണ് സ്ഥലത്തിന്റെ ഉടമസ്ഥ രേഖയെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്ന് അതിര് കുറ്റികൾ സ്ഥാപിച്ച ശേഷം സ്വകാര്യ വ്യക്തിയെ ഇക്കാര്യം അറിയിക്കാൻ ക്ലാർക്ക് അനിൽകുമാറുമായി ചെന്നപ്പോഴാണ് സ്വകാര്യ വ്യക്തിയുടെ സഹായിയായ ആൾ മോശമായി സംസാരിച്ചതെന്ന് പഞ്ചായത്ത് അസി. സെക്രട്ടറി
ജെയ്മോൻ പറഞ്ഞു. ഒച്ചപ്പാടിനെ തുടർന്ന് നാട്ടുകാർ തടിച്ചുകൂടുകയും പോലിസ് എത്തുകയുമായിരുന്നു. മോശമായി പെരുമാറിയത് സംബന്ധിച്ച് പോലീസിന് പഞ്ചായത്ത് അസി. സെക്രട്ടറി പരാതി നൽകിയിട്ടുണ്ട്.