കണ്ണൂർ : ലൈംഗിക അതിക്രമ കേസില്‍ ഇരയായ വനിതാ നേതാവ് നീതി തേടി കോടതിയിലേക്ക്. രാഷ്ട്രീയ നേതൃത്വത്തിന്‍റെ സമ്മർദ്ദത്തെ തുടർന്ന് തദ്ദേശഭരണ സ്ഥാപനത്തിലെ ഉപാധ്യക്ഷ പദവി ഒഴിഞ്ഞതിനു പിന്നാലെയാണ് ദുഷ്പ്രചരണം നടത്തുന്നവർക്കെതിരെ നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നത്. അതിനിടെ, വനിതാ നേതാവിന്റെ ഭാഗത്ത് പിഴവില്ലെന്ന് കോണ്‍ഗ്രസ് അന്വേഷണ കമ്മീഷൻ കണ്ടെത്തുകയും ചെയ്തു. വടക്കൻ കേരളത്തിലെ ഒരു തദ്ദേശഭരണ സ്ഥാപനത്തില്‍ യുവതിയായ വൈസ് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് സിപിഎം നേതൃത്വത്തിലുള്ള പ്രതിപക്ഷം നടത്തിയ സമരം ചർച്ചയായിരുന്നു. ലൈംഗിക അതിക്രമ കേസില്‍ ഇരയാണെങ്കിലും സമൂഹ മാധ്യമങ്ങളില്‍ അശ്ലീല പ്രചരണം നടക്കുന്ന സാഹചര്യത്തില്‍ ധാർമികത മുൻനിർത്തി ഇവർ സ്ഥാനം രാജിവെക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു സിപിഎം സമരം.
സമരം ശക്തമായതോടെ സ്വന്തം പാർട്ടിയായ കോണ്‍ഗ്രസില്‍ നിന്നും സഖ്യകക്ഷിയായ ലീഗില്‍ നിന്നും സ്ഥാനം രാജിവയ്ക്കാൻ ഇവർക്ക് നിർദ്ദേശം കിട്ടി. തുടർന്നായിരുന്നു ഇവർ ഉപാധ്യക്ഷപദം ഒഴിഞ്ഞത്. എന്നാല്‍ സ്ഥാനം ഒഴിഞ്ഞിട്ടും സൈബർ ഇടങ്ങളില്‍ തനിക്കെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ക്ക് കുറവില്ലെന്നും പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും കാട്ടിയാണ് ഇവർ ഹൈക്കോടതിയെ സമീപിക്കുന്നത്. രാഷ്ട്രീയ നേതാക്കളും രാഷ്ട്രീയ പാർട്ടി പ്രവർത്തകരുടെ ഗ്രൂപ്പുകളും തനിക്കെതിരെ നടത്തിയ അശ്ലീല പ്രചാരണത്തിന്റെ വിശദാംശങ്ങളും കോടതിക്ക് മുന്നിലെത്തിക്കാനാണ് യുവ നേതാവിന്റെ നീക്കം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിവാദത്തെക്കുറിച്ച് അന്വേഷണം നടത്താൻ ഇതിനിടെ, കോണ്‍ഗ്രസ് രണ്ടംഗ സമിതിയെ നിയോഗിച്ചിരുന്നു. സിപിഎം ആരോപണത്തില്‍ കഴമ്ബില്ലെന്നും വനിതാ നേതാവിന്റെ ഭാഗത്ത് പിഴവില്ലെന്നുമാണ് സമിതിയുടെ കണ്ടെത്തല്‍. യൂത്ത് കോണ്‍ഗ്രസ് നേതാവ് കൂടിയായ വനിതാ നേതാവിനെതിരെ സമൂഹമാധ്യമങ്ങളുടെ അശ്ലീലം പ്രചരിപ്പിച്ച കേസിലെ പ്രതി നിലവില്‍ വിദേശത്താണുള്ളത്. യൂത്ത് ലീഗ് പ്രവർത്തകനായ ഇയാള്‍ സൃഷ്ടിച്ച സന്ദേശം പ്രചരിപ്പിച്ച വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കുമെതിരെ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷനും വനിതാ നേതാവ് പരാതി നല്‍കിയിട്ടുണ്ട്.