കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ബഹുനില കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് വീണ് ആറ് വയസുകാരൻ മരിച്ചു. അഞ്ചാം നിലയിലെ പടികളില്‍ സഹോദരിക്കൊപ്പം കളിച്ചു കൊണ്ടിരിക്കെ കൈവരികള്‍ക്ക് ഇടയിലുള്ള വിടവിലൂടെ കുട്ടി താഴേക്ക് വീഴുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശനിയാഴ്ച രാത്രി 9.15നാണ് അപകടം സംഭവിച്ചത്. കൊല്‍ക്കത്തയിലെ സൈനിക കോംപ്ലക്സിലാണ് അപകടമുണ്ടായത്. ജമുന ബില്‍ഡിങിലെ അഞ്ചാം നിലയിലുള്ള സർവന്റ്സ് ക്വാർട്ടേഴ്സില്‍ താമസിക്കുന്ന ദുർഗയുടെ മകൻ യോഗേഷ് നായക് ആണ് മരിച്ചത്. ഒന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു കുട്ടി.
യോഗേഷിന്റെ അച്ഛനും അമ്മയും സഹോദരിയുമടങ്ങുന്ന കുടുംബമാണ് ക്വാർട്ടേഴ്സിലുണ്ടായിരുന്നത്. മാതാപിതാക്കള്‍ മുറിയിലായിരുന്ന സമയത്ത് കുട്ടികള്‍ പുറത്ത് പടിയില്‍ കളിക്കുകയായിരുന്നു. ഇതിനിടെ യോഗേഷ് കൈവരിയിലൂടെ നിരങ്ങി ഇറങ്ങാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ കുട്ടിയുടെ ബാലൻസ് തെറ്റി താഴേക്ക് വീണുവെന്ന് സ്ഥലത്ത് പരിശോധന നടത്തിയ ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ചതുരാകൃതിയിലുള്ള കൈവരികള്‍ക്ക് ഇടയിലുള്ള വിടവിലൂടെ അറുപത് അടിയോളം താഴ്ചയിലേക്കാണ് കുട്ടി വീണത്. സഹോദരി ബഹളം വെച്ചപ്പോള്‍ മാതാപിതാക്കള്‍ ഓടി പുറത്തേക്ക് വന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ മാതാപിതാക്കളും തൊട്ടടുത്ത് താമസിക്കുന്നവരും ചേർന്ന് പത്ത് മിനിറ്റിനകം കല്‍ക്കത്ത നാഷണല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്കുകള്‍ ഗുരുതരമായിരുന്നതിനാല്‍ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.