വാഷിംങ്ടൺ : കാനഡയെ 2-0ന് തോല്‍പ്പിച്ച് നിലവിലെ ചാമ്ബ്യൻമാരായ അർജൻ്റീന കോപ്പ അമേരിക്ക 2024 ഫൈനലില്‍ കടന്നു. ജൂലിയൻ അല്‍വാരസിൻ്റെയും ലയണല്‍ മെസ്സിയുടെയും ഗോളുകള്‍ കൊളംബിയയെയോ ഉറുഗ്വേയെയോ നേരിടുന്ന ഉച്ചകോടിയിലെ പോരാട്ടത്തിലേക്ക് ടീമിനെ നയിച്ചു.മികച്ച പ്രകടനമാണ് ഇന്ന് രണ്ട് ടീമുകളും പുറത്തെടുത്തത്. ആദ്യ ഗോള്‍ പിറന്നത് ഇരുപത്തിരണ്ടാം മിനിറ്റില്‍ ആയിരുന്നു. ഡി പോളിന്റെ പാസില്‍ അല്‍വാരസ് മികച്ച ഒരു ഗോള്‍ തന്നെ ടീമിന് സമ്മാനിച്ചു. ആദ്യ പകുതിയില്‍ അർജെന്റിന പിന്നെയും അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും അതൊന്നും ഗോളിലേക്ക് എത്തിയില്ല. ഇതോടെ ആദ്യ പകുതി ഒരു ഗോളിന്റെ ലീഡില്‍ അവസാനിച്ചു.
പിന്നീട് രണ്ടാം പകുതിയില്‍ അമ്പത്തിയൊന്നാം മിനിറ്റില്‍ അർജെന്റിന രണ്ടാം ഗോള്‍ നേടി. ഇത്തവണ മെസിയുടെ വകയായിരുന്നു ഗോള്‍. എല്‍സോ ഫെർണാണ്ടസ് എടുത്ത ഷോട്ട് മെസി വലയിലേക്ക് എത്തിക്കുകയായിരുന്നു. ഈ ടൂർണമെന്റിലെ മെസിയുടെ ആദ്യ ഗോള്‍ കൂടിയായിരുന്നു. രണ്ട് ഗോളുകള്‍ പിറന്ന ശേഷം കാനഡ ഗോളിനായി പരിശ്രമിക്കുന്നത് കാണാമായിരുന്നു. എന്നിരുന്നാലും അവർക്ക് നിരാശയായിരുന്നു ഫലം. ഫൈനലില്‍ അർജെന്റിന കൊളംബിയയെയോ ഉറുഗ്വേയെയോ നേരിടും.