തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വിഡി സതീശനും മന്ത്രിമാരായ എംബി രാജേഷും ആര്‍.ബിന്ദുവും തമ്മില്‍ നിയമസഭയില്‍ വാക്പോര്. പ്രതിപക്ഷ നേതാവ് പലപ്പോഴും വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് സഭയില്‍ പറയുന്നതെന്ന് എംബി രാജേഷ് കുറ്റപ്പെടുത്തി. അത് തിരുത്താൻ ശ്രമിക്കുമ്ബോള്‍ പ്രതിപക്ഷ നേതാവ് വഴങ്ങാറില്ല. പരിഹാസവും പുച്ഛവുമാണ് പ്രസംഗത്തില്‍. അത് തിരുത്തണം. തിരുത്തല്‍ നിങ്ങള്‍ക്കുമാകാമെന്ന് മന്ത്രി പറഞ്ഞു. തനിക്കെതിരെ പ്രതിപക്ഷ നേതാവ് വിരല്‍ചൂണ്ടി ധിക്കാരത്തോടെ പ്രസംഗിച്ചതില്‍ പ്രതിഷേധിക്കുന്നുവെന്ന് മന്ത്രി ആർ.ബിന്ദുവും പറഞ്ഞു. ആരോഗ്യകരമായ ചർച്ചയും സമീപനവുമാണ് പ്രതീക്ഷിക്കുന്നതെന്നും ,പക്ഷെ അതുണ്ടാകാറില്ലെന്ന് സ്പീക്കറും പറഞ്ഞു.
രണ്ടു മന്ത്രിമാർക്കെതിരെ എന്തെങ്കിലും മോശമായി പറഞ്ഞതായി ചൂണ്ടിക്കാണിച്ചാല്‍ തിരുത്താമെന്ന് വിഡി സതീശന്‍ തിരിച്ചടിച്ചു. പ്രതിപക്ഷ നേതാവിന്‍റെ പ്രസംഗം തടസപ്പെടുത്തലാണ് രണ്ടുമൂന്നു മന്ത്രിമാരുടെ സ്ഥിരം പരിപാടി. ധിക്കാരവും ധാർഷ്ട്യവും പുച്ഛവും ആർക്കാണെന്ന് എല്ലാവർക്കും അറിയാം. അത് തിരുത്താൻ ആണല്ലോ നിങ്ങള്‍ ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ആ ചാപ്പ എന്റെ മേല്‍ കുത്തേണ്ടെന്നും അദ്ദേഹം പറഞ്ഞു. എംബി രാജേഷ് സ്പീക്കർ ആകാൻ ശ്രമിക്കുന്നുവെന്നും സതീശന്‍ കുറ്റപ്പെടുത്തി. മുന്നോട്ടുവെച്ച വിമർശനങ്ങളെ സ്വീകരിക്കുകയോ നിരാകരിക്കുകയോ പ്രതിപക്ഷ നേതാവിന് ചെയ്യാമെന്ന് എംബി രാജേഷ് പറഞ്ഞു. എക്സൈസ് വകുപ്പിനെതിരെയുള്ള അഴിമതി കൊണ്ടുവന്നതിന് ശേഷമാണ് എന്നെ ടാർഗറ്റ് ചെയ്യുന്നതെന്ന് വിഡി സതീശന്‍ തിരിച്ചടിച്ചു. വ്യക്തിപരമായ കാര്യങ്ങള്‍ക്ക് മറുപടിയില്ല ഒരു പ്രകോപനത്തിലും ഇല്ലെന്ന് എംബി രാജേഷും പറഞ്ഞു. തനിക്ക് നേരെ വിരല്‍ ചൂണ്ടി സംസാരിച്ചുവെന്ന് മന്ത്രി ആര്‍.ബിന്ദു പറഞ്ഞപ്പോള്‍, വിരല്‍ ചൂണ്ടി ഇനിയും സംസാരിക്കുമെന്ന് പ്രതിപക്ഷ നേതാവ് മറുപടി നല്‍കി.