തിരുവനന്തപുരം : ഓട്ടിസം ബാധിതനായ വിദ്യാർത്ഥിയെ സർക്കാർ സ്കൂളില്‍ നിന്ന് നിർബന്ധിച്ച് പുറത്താക്കിയെന്ന് ആരോപണം ഉയർന്ന സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടർ രണ്ടാഴ്ചയ്ക്കകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂ നാഥ് ഉത്തരവില്‍ ആവശ്യപ്പെട്ടു. തൈക്കാട് ഗവ. മോഡല്‍ സ്കൂളിലെ പ്രധാന അധ്യാപകനെതിരായാണ് ആരോപണം. സ്കൂളില്‍ നടന്ന ഒരു പൊതു പരിപാടിക്കിടയില്‍ കുട്ടി ശബ്ദമുണ്ടാക്കിയെന്ന് പറഞ്ഞ് കുട്ടിയെ സ്കൂളില്‍ നിന്ന് പുറത്താക്കുകയായിരുന്നു എന്നും സ്കൂളില്‍ നിന്ന് ടി.സി. വാങ്ങാൻ പ്രിൻസിപ്പല്‍, കുട്ടിയുടെ അമ്മക്ക് നിർദ്ദേശം നല്‍കിയെന്നുമാണ് ആരോപണം.
അമ്മ ഇതിന് മൂന്ന് മാസത്തെ സാവകാശം ചോദിച്ചെങ്കിലും പ്രിൻസിപ്പല്‍ ഒരാഴ്ച മാത്രമാണ് സമയം നല്‍കിയതെന്നും കുട്ടി ഈ സ്കൂളില്‍ തുടർന്നാല്‍ മറ്റ് കുട്ടികള്‍ സ്കൂളില്‍ വരില്ലെന്ന് പ്രിൻസിപ്പല്‍ പറഞ്ഞതായും ആരോപണമുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷൻ പുറത്തിറക്കിയ വാർത്താക്കുറിപ്പില്‍ പറയുന്നു. സ്കൂളിലേക്കുള്ള ദൂരം കൂടുതലായതിനാല്‍ കുട്ടിയുടെ ടി.സി. വാങ്ങുന്നു എന്ന് അപേക്ഷയില്‍ എഴുതണമെന്നും പ്രിൻസിപ്പല്‍ നിർദ്ദേശം നല്‍കിയതായി അമ്മ പറഞ്ഞു. മണക്കാട് സ്വദേശിയാണ് വിദ്യാർത്ഥി. ദ്യശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി.