തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി യഥാർഥ്യമാകുന്നത് സന്തോഷമുള്ള കാര്യമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പദ്ധതി യുഡിഎഫ് സര്‍ക്കാരിന്റെ ബേബിയാണ്. ഞങ്ങള്‍ കഷ്ടപ്പെട്ട് കൊണ്ടുവന്നതാണ്. കെ കരുണാകരന്റെ കാലത്ത് ഡിസൈൻ ചെയ്ത പദ്ധതിയാണ്. ഇത് യഥാർഥ്യത്തിലേക്ക് എത്തിക്കാൻ വേണ്ടി നിശ്ചയദാർഢ്യത്തോടെ കഠിനാധ്വാനം ചെയ്തത് ഉമ്മൻ ചാണ്ടിയാണ്. അന്ന് ഇത് റിയല്‍ എസ്റ്റേറ്റ് ഇടപാടാണെന്നും കടല്‍ക്കൊള്ളയാണ് എന്നും ഇപ്പോഴത്തെ മുഖ്യമന്തി പറഞ്ഞു.
ഞങ്ങള്‍ ബഹിഷ്കരിച്ചില്ല, കരിദിനം ആചാരിച്ചില്ല. ക്രിയാത്മകമായ പ്രതിപക്ഷമാണ് യുഡിഎഫിന്റേത്. എന്നെ വിളിക്കുന്നതും വിളിക്കാത്തതും അവരുടെ ഇഷ്ടം. ആളുകള്‍ അതിനെ വിലയിരുത്തും. വികസനത്തിന്റെ ഇരകളായവരെ ചേർത്ത് പിടിക്കാനായിട്ടുള്ള പദ്ധതികള്‍ സർക്കാർ ഉണ്ടാക്കണം. പ്രസംഗത്തില്‍ പദ്ധതിയുടെ നാള്‍വഴികള്‍ മുഴുവൻ പറഞ്ഞിട്ട് ഉമ്മൻ ചാണ്ടിയെ വിസ്മരിച്ചതില്‍ മുഖ്യമന്ത്രി സ്വയം ചെറുതായി പോയി എന്നാണ് എനിക്ക് തോന്നിയത്. ഇത് ഹൈജാക്ക് ചെയ്തതാണെന്ന് എല്ലാവർക്കും മനസ്സിലായി. ഞാൻ എട്ടുകാലി മമ്മൂഞ്ഞ് എന്നൊന്നും വിളിക്കുന്നില്ല. ഏകദേശം അതിന്റെ അടുത്തൊക്കെ എത്തുന്ന ഒരു പരിപാടി ആണ് സര്‍ക്കാര്‍ ചെയ്തതെന്നും വിഡി സതീശൻ പറഞ്ഞു.