നോർത്താംപ്ടണ്‍: ലെജൻഡ്സ് വേള്‍ഡ് ചാമ്ബ്യൻ ഷിപ് ഓഫ് ലെഡൻഡ്സ് ക്രിക്കറ്റ് ടൂർണമെന്റില്‍ ഓസ്ട്രേലിയ ചാമ്ബ്യൻസിനെ തകർത്ത് ഇന്ത്യ ചാമ്ബ്യൻസ് ഫൈനലില്‍. 86 റണ്‍സിനാണ് ഇന്ത്യ ജയിച്ചുകയറിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ചാമ്ബ്യൻസ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സെന്ന കൂറ്റൻ ടോട്ടല്‍ അടിച്ചെടുത്തു. മറുപടി ബാറ്റിങ്ങില്‍ ഓസ്ട്രേലിയ 7 വിക്കറ്റിന് 168 റണ്‍സെടുത്ത് പോരാട്ടം അവസാനിപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണർ റോബിൻ ഉത്തപ്പ(35 പന്തില്‍ 65), യുവരാജ് സിങ് (28 പന്തില്‍ 59), ഇർഫാൻ പാത്താൻ (19 പന്തില്‍ 50), യൂസഫ് പത്താൻ (23 പന്തില്‍ 53 നോട്ടൗട്ട്) എന്നിവരുടെ മികവിലാണ് കൂറ്റൻ ടോട്ടല്‍ പടുത്തുയർത്തിയത്.
ഓസീസിന്റെ സ്റ്റാർ ബൗളർ ബ്രെറ്റ് ലീ വിക്കറ്റൊന്നും നേടാതെ നാലോവറില്‍ 60 റണ്‍സ് വഴങ്ങി. പീറ്റർ സിഡില്‍ നാലോവറില്‍ 57 റണ്‍സ് വിട്ട് കൊടുത്ത് നാല് വിക്കറ്റെടുത്തപ്പോള്‍ നഥാൻ കോട്ടർനൈല്‍ നാലോവറില്‍ 56 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടി. മത്സരത്തില്‍ 18 സിക്സറുകളാണ് ഇന്ത്യൻ താരങ്ങള്‍ പറത്തിയത്. റോബിൻ ഉത്തപ്പ നാലും യുവരാജ്, ഇർഫാൻ എന്നിവർ അഞ്ച് വീതവും യൂസഫ് പത്താൻ നാല് സിക്സറുകളും പറത്തി. അവസാന ഓവറുകളില്‍ പാത്താൻ സഹോദരങ്ങള്‍ കത്തിക്കയറിയപ്പോള്‍ ഓസീസ് ബൗളർമാർ വിയർത്തു. മറുപടി ബാറ്റിങ്ങില്‍ ടിം പെയ്ൻ (40), കോട്ടർനൈല്‍ (30), കാളൻ ഫെർഗൂസൻ (21) എന്നിവർ മാത്രമാണ് പൊരുതിയത്. ധവാല്‍ കുല്‍ക്കർണി, പവൻ നേഗി എന്നിവർ രണ്ട് വിക്കറ്റ് വീതവും ഹർഭജൻ സിങ്, ഇർഫാൻ പാത്താൻ, രാഹുല്‍ ശുക്ല എന്നിവർ ഓരോ വിക്കറ്റും നേടി.